Kerala

വിദേശ സന്ദർശനം ധ്യതി പിടിച്ച് അവസാനിപ്പിക്കാൻ കഴിയില്ല; റാലികൾ ഒഴിവാക്കി രാഹുൽ ഗാന്ധി

റാലികൾ ഒഴിവാക്കി രാഹുൽ ഗാന്ധി. ഈ ആഴ്ചയിലെ തെരെഞ്ഞെടുപ്പ് റാലികളിൽ പങ്കെടുക്കില്ലെന്ന് അറിയിച്ച് രാഹുൽ ഗാന്ധി. സ്വകാര്യ വിദേശ സന്ദർശനം വെട്ടിച്ചുരുക്കാൻ കഴിയില്ലെന്ന് പാർട്ടിയെ രാഹുൽ ഗാന്ധി അറിയിച്ചു. പഞ്ചാബിലെ മോഗ ജില്ലയിൽ മറ്റന്നാൾ നടക്കുന്ന റാലിയിൽ രാഹുൽ ഗാന്ധി പങ്കെടുക്കില്ല. വിദേശ സന്ദർശനം ധ്യതി പിടിച്ച് അവസാനിപ്പിക്കാൻ കഴിയില്ലെന്നുമാണ് വിശദീകരണം.

അതേസമയം രാജസ്ഥാനിൽ കോൺഗ്രസ് സംഘടിപ്പിച്ച മഹാസമ്മേളനത്തിൽ ഹിന്ദുമതത്തെയും ഹിന്ദുത്വത്തെയും വേർതിരിച്ച് രാഹുൽഗാന്ധി നടത്തിയ പ്രസംഗത്തെ രൂക്ഷമായി വിമർശിച്ച് എറണാകുളം-അങ്കമാലി അതിരൂപത മുഖപത്രമായ സത്യദീപം.

‘ഗോഡ്സെ ഹിന്ദുവാദിയായിരുന്നെങ്കിൽ ഗാന്ധി ഹിന്ദുവായിരുന്നു’ എന്ന് ‘ആധുനികഗാന്ധി’ വ്യവച്ഛേദിക്കുമ്പോൾ, ഹിന്ദുത്വവാദികൾക്കുള്ള രാഷ്ട്രീയമറുപടിയായി കൈയടി കിട്ടുമെങ്കിലും മതേതരഭാരതത്തിന്റെ പിൻനടത്തമായി അതു മാറുന്നു.‘ഭരണത്തിൽ ഹിന്ദുക്കൾ മതി’ എന്ന രാഹുലിന്റെ തുടർപ്രസ്താവനയിൽ രാജ്യത്തിനകത്തെ മത-ന്യൂനപക്ഷങ്ങൾ മാത്രമല്ല, മതേതരഭാരതം തന്നെയാണു പുറത്തുപോകുന്നത്.

പ്രസംഗത്തിലുടനീളം മതേതരത്വത്തെക്കുറിച്ചു പരാമർശിക്കാതിരുന്ന അദ്ദേഹത്തിന്റെ ‘ഔചിത്യബോധം’ ഭയപ്പെടുത്തുന്നതാണ്. യു.പി.യിലെ തിരഞ്ഞെടുപ്പുയുദ്ധം ജയിക്കാൻ മതേതരായുധങ്ങൾ മതിയാകില്ലെന്ന വെളിപാട് നിരാശപ്പെടുത്തുന്നു.

ഇതിൽനിന്ന് അധികമകലെയല്ലാതെ ഇസ്‌ലാംമത പ്രഖ്യാപനത്തിനു വേദിയായത് മറ്റൊരു മതേതര പാർട്ടിയുടെ വഖഫ് സമ്മേളനത്തിലായിരുന്നു. ‘മതമാണ് മറ്റെന്തിനെക്കാളും വലുതെന്ന’ കോഴിക്കോട് കടപ്പുറത്തെ പ്രഖ്യാപനം പേരിൽ മാത്രമല്ല, പെരുമാറ്റത്തിലും ലീഗ് മതസംഘടനയാണെന്നു വിളിച്ചുപറഞ്ഞു.