റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ വിജയിപ്പിച്ച വോട്ടര്‍മാരെ കാണാന്‍ രാഹുല്‍ ഗാന്ധി കേരളത്തിലെത്തി. കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ കോണ്‍ഗ്രസ് അധ്യക്ഷനെ മുതിര്‍ന്ന യു.ഡി.എഫ് നേതാക്കള്‍ സ്വീകരിച്ചു. ആദ്യ പരിപാടി നടക്കുന്ന കാളികാവില്‍ രാഹുല്‍ ഗാന്ധി എത്തി.
റെക്കോർഡ് ഭൂരിപക്ഷത്തിൽ വിജയിപ്പിച്ച വോട്ടർമാരെ കാണാൻ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുൽ ഗാന്ധി ഇന്ന് വയനാട്ടിലെത്തും. മൂന്ന് ദിവസത്തെ പര്യടനത്തിൽ 7 നിയമസഭാ മണ്ഡലങ്ങളിലും പൊതുപരിപാടികളിൽ രാഹുൽ പങ്കെടുക്കും. സന്ദർശനത്തിന്റെ ഭാഗമായി മണ്ഡലത്തിലുടനീളം കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.
ഡൽഹിയിൽ നിന്ന് പ്രത്യേക വിമാനത്തിൽ ഉച്ചയോടെയാണ് കരിപ്പൂരിൽ രാഹുൽ ഗാന്ധി എത്തിയത്. ഉച്ചക്ക് ശേഷം മലപ്പുറം ജില്ലയിലെ കാളികാവ് നിലമ്പൂർ എടവണ്ണ അരീക്കോട് എന്നിവിടങ്ങളിൽ പൊതുപരിപാടികളിൽ പങ്കെടുക്കും. ശേഷം ഇന്നുതന്നെ റോഡ് മാർഗം വയനാട്ടിലേക്ക് തിരിക്കുന്ന രാഹുൽ കൽപ്പറ്റയിലെ പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസിലാണ് വിശ്രമിക്കുക. മണ്ഡല സന്ദർശനത്തിന്റെ ഭാഗമായി എസ്.പി.ജി കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയത്.
നാളെ വയനാട് ജില്ലയിൽ മാത്രം ആറിടങ്ങളിൽ രാഹുൽ വോട്ടർമാരെ നേരിൽ കാണും. കാലത്ത് 9.10 ന് കലക്ടറേറ്റിലെ എം.പി ഫെസിലിറ്റേഷൻ സെന്റര്‍ സന്ദർശിച്ചശേഷം 10 10 ന് കൽപ്പറ്റയിലെ സ്വീകരണ പരിപാടിയിൽ പങ്കെടുക്കും. തുടർന്ന് കമ്പളക്കാട് പനമരം മാനന്തവാടി പുൽപ്പള്ളി സുൽത്താൻബത്തേരി എന്നിവിടങ്ങളിൽ പൊതുപരിപാടികൾ. രണ്ടാം ദിവസവും വയനാട്ടിലെ പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസിൽ വിശ്രമിക്കുന്ന രാഹുൽ ഗാന്ധി കുട്ടിക്കാലത്ത് തന്നെ പരിചരിച്ച നഴ്സ് രാജമ്മയെ നേരിൽ കാണും. ഞായറാഴ്ച കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി നിയോജക മണ്ഡലത്തിലാണ് രാഹുലിനെ പര്യടനം. കാലത്ത് പത്തുമണിക്ക് ഈങ്ങാപ്പുഴയിലും 11.20ന് മുക്കത്തും പൊതുപരിപാടികൾ. ഉച്ചക്ക് ഒരു മണിക്ക് കരിപ്പൂർ വഴി ഡൽഹിയിലേക്ക് തിരിക്കും.