യു.ഡി.എഫ് സ്ഥാനാര്‍ഥിയായി വയനാട്ടില്‍ മത്സരിക്കുന്ന രാഹുല്‍ ഗാന്ധി ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. പത്തരയോടെ കലക്ട്രേറ്റിലെത്തിയാണ് പത്രിക സമര്‍പ്പിക്കുക. പ്രിയങ്ക ഗാന്ധിയും രാഹുലിനെ അനുഗമിക്കുന്നുണ്ട്. കല്‍പ്പറ്റയില്‍ നടക്കുന്ന റോഡ് ഷോയില്‍ പങ്കെടുത്ത ശേഷമായിരിക്കും രാഹുല്‍ മടങ്ങുക.ചിലപ്പോള്‍ ഡി.സി.സി ഓഫീസിലെത്തി നേതാക്കളുമായി കൂടിക്കാഴ്ച നടത്താനും സാധ്യതയുണ്ട്.
ഇന്നലെ രാത്രിയോടെയാണ് രാഹുൽ കേരളത്തിലെത്തിയത്. കരിപ്പൂർ വിമാന താവളത്തിൽ നൂറുകണക്കിന് പ്രവർത്തകരുടെയും നേതാക്കളുടെയും നേതൃത്വത്തിലായിരുന്നു സ്വീകരണം. കോഴിക്കോട് ഗസ്റ്റ് ഹൗസിൽ താമസിക്കുന്ന രാഹുൽ ഗാന്ധി രാവിലെ 8 മണിക്ക് വയനാട്ടിലേക്ക് പുറപ്പെടും.
കരിപ്പൂർ വിമാനത്താവളത്തിൽ രാഹുൽ ഗാന്ധിക്കായി മണിക്കൂറുകളോളമാണ് പ്രവർത്തകർ കാത്തിരുന്നത്. ഒടുവിൽ രാഹുൽ ഗാന്ധി എത്തിയപ്പോൾ ആവേശം അണപൊട്ടി ഒഴുകി. പ്രവർത്തകരെ അഭിവാദ്യം ചെയ്ത ശേഷം രാഹുലും പ്രിയങ്കയും റോഡ് മാർഗം കോഴിക്കോട്ടേക്ക്. ഗസ്റ്റ് ഹൗസിലെത്തിയപ്പോഴും പ്രവർത്തകരുടെ ആവേശപ്രകടനം. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ തുടങ്ങിയ നേതാക്കളുമായി ഗസ്റ്റ് ഹൗസിൽ അല്ല നേരം കൂടിക്കാഴ്ച. രാവിലെ 8 മണിക്ക് ഗസ്റ്റ് ഹൗസിൽ നിന്നും വിക്രം മൈതാനത്തേക്ക്. അവിടെ നിന്നും ഹെലികോപ്ടർ മാർഗ്ഗം വയനാട്ടേക്ക്.