India Kerala

രാഹുല്‍‌ ബുധനാഴ്ച വയനാട്ടിലെത്തും;വ്യാഴാഴ്ച നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും

രാഹുല്‍ ഗാന്ധി വ്യാഴാഴ്ച വയനാട് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. ബുധനാഴ്ച കോഴിക്കോടെത്തുന്ന രാഹുലിനെ പ്രിയങ്കാ ഗാന്ധി അടക്കമുള്ള നേതാക്കള്‍ അനുഗമിക്കും. അതിനിടെ തുഷാര്‍ വെള്ളാപ്പള്ളി എന്‍.ഡി.എ സ്ഥാനാര്‍ഥിയാകുമെന്നാണ് സൂചന.

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ പേര് വയനാട്ടിൽ ഔദ്യോഗികമായി പ്രഖ്യാപിച്ചതോടെ കോൺഗ്രസിന്റെ ദേശീയ-സംസ്ഥാന നേതാക്കൾ വയനാട്ടിലെ പ്രചരണ കാര്യങ്ങളുടെ മേൽനോട്ടങ്ങൾക്കായി മണ്ഡലത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു തുടങ്ങി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സംഘടന ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക് കെ.സി വേണുഗോപാൽ തുടങ്ങിയവർ വൈകിട്ട് ജില്ലയിലെത്തി പ്രവർത്തനങ്ങൾ വിലയിരുത്തും. ഈ മാസം 9ന് എ.കെ ആന്റണി വയനാട്ടിൽ എത്തുന്നുണ്ട് . മുൻമുഖ്യമന്ത്രിയും എ.ഐ.സി.സി സെക്രട്ടറിയുമായ ഉമ്മൻചാണ്ടിയും വയനാട്ടിൽ പ്രചരണത്തിന് എത്തും. വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് രാഹുൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ എത്തുമ്പോൾ പ്രിയങ്ക ഗാന്ധി അനുഗമിച്ചേക്കുമെന്ന സൂചനയാണ് ഡി.സി.സി നേതൃത്വം നൽകുന്നത്. വയനാട് മണ്ഡലത്തിൽ പെട്ട മലപ്പുറം കോഴിക്കോട് ജില്ലകളിലെ പ്രവർത്തകരും ആവേശത്തിലാണ്.

അതേസമയം മണ്ഡലത്തിൽ എൽ.ഡി.എഫ് സ്ഥാനാർഥിയായി തുഷാർ വെള്ളാപ്പള്ളിയുടെ ഉയർന്നുവന്നെങ്കിലും അവസാന നിമിഷവും പ്രഖ്യാപനം ഉണ്ടായില്ല. ബി.ജെ.പി ദേശീയ നേതാക്കൾ തന്നെ മണ്ഡലത്തിൽ മത്സരിക്കണമെന്ന് ജില്ലാ ബി.ജെ.പി നേതൃത്വം സമ്മർദ്ദം ഉയർത്തുന്നുമുണ്ട് . വൈകാതെ സ്ഥാനാർഥി പ്രഖ്യാപനം ഉണ്ടാകുമെന്നാണ് ബി.ജെ.പി നേതൃത്വം പ്രതികരിച്ചത് . രണ്ടാംഘട്ട പ്രചരണവും പൂർത്തിയാക്കി വരുന്ന ഇടതുപക്ഷ സ്ഥാനാർഥി പി.പി സുനീർ സുൽത്താൻ ബത്തേരിയിൽ ആണ് ഇന്ന് പര്യടനം നടത്തുന്നത്.