രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്താകെ രാഹുല്‍ തരംഗം സൃഷ്ടിക്കാന്‍ കോണ്‍ഗ്രസും യു.ഡി.എഫും. രാഹുലിന്റെ റോഡ് ഷോ ഉള്‍പ്പെടെ സംഘടിപ്പിച്ച് എല്ലാ മണ്ഡലങ്ങളിലും നേട്ടമുണ്ടാക്കാനാണ് കോണ്‍ഗ്രസ് ആലോചിക്കുന്നത്. രാഹുല്‍ ഗാന്ധി മൂന്നാം തിയതി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനെത്തിയേക്കും.
സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വവും യു.ഡി.എഫ് നേതൃത്വവും ഏറെ കാത്തിരുന്ന രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വം യാഥാര്‍ഥ്യമായതോടെ അത് സംസ്ഥാനത്താതെ പ്രതിഫലിപ്പിക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസും യു.ഡി.എഫും. ഈ മാസം മൂന്നിന് രാഹുല്‍ ഗാന്ധി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനായി വയനാടില്‍ എത്താനാണ് സാധ്യത. കൂടാതെ തെരഞ്ഞെടുപ്പ് പ്രചരണ അവസാനിക്കുന്ന ദിവസങ്ങളില്‍ രാഹുല്‍ കേരളത്തില്‍ ഉണ്ടാകുമെന്നും നേതാക്കള്‍ പ്രതീക്ഷിക്കുന്നു. ഈ ദിവസങ്ങളില്‍ സംസ്ഥാനത്തെ പ്രധാന നഗരങ്ങളില്‍ റോഡ് ഷോ നടത്താമെന്ന ആലോചനയിലാണ് കോണ്‍ഗ്രസ് ക്യാമ്പ്.
മധ്യപ്രദേശ്, രാജസ്ഥാന്‍ തുടങ്ങി കോണ്‍ഗ്രസ് നേട്ടമുണ്ടാക്കിയ തെരഞ്ഞെടുപ്പുകളില്‍ റോഡ് ഷോകള്‍ വലിയ നേട്ടമുണ്ടാക്കിയതായാണ് വിലയിരുത്തല്‍. ഇത് കേരളത്തിലും ഉപയോഗപ്പെടുത്തിയാല്‍ രാഹുല്‍ തരംഗം കേരളമാകെ പടര്‍ത്താന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്. പ്രധാന നഗരങ്ങള്‍ പ്രധാന മത്സരം നടക്കുന്ന മണ്ഡലങ്ങള്‍ എന്നിവ കേന്ദ്രീകരിച്ചാകും റോഡ് ഷോകള്‍. രാഹുല്‍ ഗാന്ധി മത്സരിക്കുന്ന വയനാടിന്റെ ചുമതല ഒരു മുതിര്‍ന്ന നേതാവിന് നല്‍കിയേക്കും. അതോടൊപ്പം രാഹുല്‍ മത്സരിക്കുന്നതിന്റെ പ്രതിഫലനം മറ്റു മണ്ഡലങ്ങളില്‍ ഉണ്ടാക്കാനായി തന്ത്രങ്ങള്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ വരും ദിവസങ്ങളില്‍ യോഗം ചേരും.