കെ.എസ്.ആർ.ടി.സി ഡിപ്പോകളിലെ നിർമാണ ക്രമക്കേടുമായി ബന്ധപ്പെട്ട് ചീഫ് എൻജിനീയർ ആർ. ഇന്ദുവിന് സസ്‌പെൻഷൻ. ഡിപ്പോ നിർമാണ ക്രമക്കേടിനും നടപടിക്രമങ്ങളിൽ ഗുരുതരമായ വീഴ്ച വരുത്തിയതിനുമാണ് നടപടി. ആർ. ഇന്ദു കരാറുകാരെ വഴിവിട്ട് സഹായിച്ചെന്നും കണ്ടെത്തിയിരുന്നു.
ഗുരുതര ക്രമക്കേടുകൾ കണ്ടെത്തിയ പശ്ചാത്തലത്തിൽ ആർ. ഇന്ദുവിനെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്യണമെന്ന് ധനകാര്യ പരിശോധനാ വിഭാഗം ശുപാർശ ചെയ്തിരുന്നു. ഇത് സംബന്ധിച്ച റിപ്പോർട്ടും ധനകാര്യ പരിശോധനാ വിഭാഗം സമർപ്പിച്ചിരുന്നു. കെ.എസ്.ആർ.ടി.സി എറണാകുളം ഡിപ്പോയിലെ അഡ്മിനിസ്‌ട്രേറ്റിവ് ബ്ലോക്കിന്റെ നിർമാണത്തിലെ അപാകതകൾ കാരണം സർക്കാരിന് 1.39 കോടിയുടെ നഷ്ടമുണ്ടായതായായിരുന്നു കണ്ടെത്തൽ. ഇതുമായി ബന്ധപ്പെട്ട് വിജിലൻസ് അന്വേഷണം നടത്തുകയും ഇന്ദുവിൽ നിന്ന് നഷ്ടം നികത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
എറണാകുളം ഡിപ്പോയിലെ അഡ്മിനിസ്‌ട്രേറ്റിവ് ബ്ലോക്കിന്റെ അടിത്തറയ്ക്ക് ഗുരുതരമായ അപാകത ഉണ്ടെന്നു കണ്ടെത്തിയിട്ടും കരാറുകാരന് ആർ.ഇന്ദു തുക അനുവദിച്ചിരുന്നു. കരാറുകാരൻ തുക അനുവദിച്ച നടപടി അഴിമതിക്ക് കൂട്ടുനിൽക്കുന്നതാണെന്നായിരുന്നു ആരോപണം.