India Kerala

ഇബ്രാഹിം കുഞ്ഞിനെ ഇന്ന് ചോദ്യം ചെയ്തേക്കും; തുടര്‍ നടപടി നിയമോപദേശത്തിന് ശേഷം

പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെ വിജിലന്‍സ് ഇന്ന് ചോദ്യം ചെയ്തേക്കും. കൂടുതല്‍ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് ഉള്‍പ്പെടെയുളള കാര്യങ്ങളില്‍ തീരുമാനമെടുക്കുമെന്ന് ഇന്നലെ വിജിലന്‍സ് ഡയറക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചിരുന്നു.

കേസിൽ അറസ്റ്റിലായ പൊതുമരാമത്ത് വകുപ്പ് മുൻ സെക്രട്ടറി ടി.ഒ സൂരജിന്റെ മൊഴിയാണ് ഇബ്രാഹിംകുഞ്ഞിനെ കുരുക്കിലാക്കിയത്. പാലാരിവട്ടം പാലവുമായി ബന്ധപ്പെട്ട എല്ലാ ഉത്തരവുകളും അന്നത്തെ പൊതുമരാമത്ത് വകുപ്പ് മന്ത്രി ഇബ്രാഹിംകുഞ്ഞിന്റെ അറിവോടെയാണ് നടന്നതെന്ന് ടി.ഒ സൂരജ് പറഞ്ഞിരുന്നു. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവരവെയായിരുന്നു സൂരജിന്റെ പ്രതികരണം. കരാറുകാരന് മുന്‍കൂര്‍ പണം നല്‍കാന്‍ ഇബ്രാഹിം കുഞ്ഞ് രേഖാമൂലം ആവശ്യപ്പെട്ടിട്ടുണ്ടോ എന്ന് വിജിലന്‍സ് പരിശോധിക്കും. വിശദമായ ചോദ്യം ചെയ്യലായിരിക്കും നടക്കുക.

ഉദ്യോഗസ്ഥരടക്കം കൂടുതല്‍ പേരെ ചോദ്യം ചെയ്യാനുണ്ടെന്ന് വിജിലന്‍സ് കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു. പാലം നിര്‍മാണം നടന്ന സമയത്ത് റോഡ് ആന്റ് ബ്രിഡ്ജസ് കോര്‍പ്പറേഷനിലും കിറ്റ്‌കോയിലും ചുമതലകളുണ്ടായിരുന്ന മുതിര്‍ന്ന ഉദ്യോഗസ്ഥരടക്കം ഉടന്‍ പിടിയിലായേക്കും. ഗൂഢാലോചനയില്‍ പങ്കെടുത്തവരടക്കം ഇനിയും അറസ്റ്റിലാകാനുണ്ടെന്നാണ് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന. അഴിമതിയില്‍ രാഷ്ട്രീയ നേതൃത്വത്തിന്റെ പങ്കും വിജിലന്‍സ് അന്വേഷിക്കുന്നുണ്ട്.