Kerala

ജോലിയില്ല, പക്ഷേ ശമ്പളം കൃത്യം; പൊതുമരാമത്ത് വകുപ്പിൽ വെള്ളാനയായി മെയിൻ്റനൻസ് വിഭാഗം

പൊതുമരാമത്ത് വകുപ്പിൽ വെള്ളാനയായി മെയിൻ്റനൻസ് വിഭാഗം. ജി.സുധാകരൻ മന്ത്രിയായിരിക്കെ രൂപീകരിച്ച റോഡ് മെയിൻ്റനൻസ് വിഭാഗത്തിലെ ഉദ്യോഗസ്ഥർക്ക് ശമ്പളം കൃത്യമാണെങ്കിലും നാളിതുവരെ ജോലിയില്ല. റോഡ് അറ്റകുറ്റ പണിക്ക് ചുമതലപ്പെട്ട വിഭാഗത്തിന് ഒരു റോഡിൻ്റെ പ്രവർത്തിക്ക് പോലും സർക്കാർ അനുമതി നൽകിയിട്ടില്ല.

പൊട്ടിപ്പൊളിഞ്ഞ റോഡുകൾ പെട്ടെന്ന് അറ്റകുറ്റ പണി നടത്താനായി ജി.സുധാകരൻ മന്ത്രിയായിരിക്കെ രുപീകരിച്ചതാണ് മെയിൻ്റനൻസ് വിഭാഗം. നിലവിലുള്ള നാല് വിഭാഗങ്ങൾക്ക് പുറമെ അഞ്ചാമത് ഒരു വിഭാഗം കൂടി ആയതോടെ ഉദ്യോഗസ്ഥരുടെ എണ്ണവും ബാധ്യതയും വർധിച്ചു. പക്ഷെ നാളിതുവരെ ഒറ്റ റോഡ് പോലും മെയിൻ്റനൻസ് വിഭാഗം അറ്റകുറ്റ പണി നടത്തിയിട്ടില്ല. അല്ലെങ്കിൽ അറ്റകുറ്റ പണി നടത്താൻ സർക്കാർ അവരെ ചുമതലപ്പെടുത്തിയിട്ടില്ല. റോഡ് പണി നടത്താനായി രണ്ട് വ്യത്യസ്ത തരം പദ്ധതികളുടെ എസ്റ്റിമേറ്റ് മെയിൻ്റനൻസ് വിഭാഗം സമർപ്പിച്ചിട്ടും സർക്കാർ അംഗീകരിച്ചിട്ടില്ല.

ഒപിബിആർസി അഥവാ ഔട്ട് പുട്ട് ബേസ്ഡ് റോഡ് കോൺട്രാക്ട് എന്ന പദ്ധതി പ്രകാരം റോഡുകളുടെ അറ്റകുറ്റ പണിക്കായി ടെൻഡർ ചെയ്യാൻ ആലോചിച്ചിരുന്നെങ്കിലും പൊതുമരാമത്ത് സെക്രട്ടറിയുടെ വിയോജിപ്പ് തടസ്സമായി. ഒടുവിൽ റണ്ണിം​ഗ് കോൺട്രാക്ട് എന്ന നിലയ്ക്ക് ഓരോ വർഷത്തേക്ക് അറ്റകുറ്റ പണി നടത്താൻ എസ്റ്റിമേറ്റ് സമർപ്പിച്ചെങ്കിലും അതും സർക്കാർ തള്ളി. പുതിയ എസ്റ്റിമേറ്റിനായി ആലോചനയിലാണ് ഇപ്പോഴും മെയിൻ്റനൻസ് വിഭാഗം.

സ്വന്തമായി ഓഫീസില്ല, വാഹനമില്ല മറ്റ് സൗകര്യങ്ങളൊന്നുമില്ല, ചീഫ് എഞ്ചിനീയർ മുതൽ അസിസ്റ്റൻ്റ് എഞ്ചിനീയർ വരെ ഉദ്യോഗസ്ഥർ ഈ വിഭാഗത്തിൽ വെറുതെ ഇരുന്ന് ശമ്പളം വാങ്ങുന്നു. പൊതുമരാമത്ത് പണികൾ സംബന്ധിച്ച് പരാതികൾ ബോധിപ്പിക്കാൻ PWD 4 U എന്ന പേരിൽ ആപ്പ് വകുപ്പ് പുറത്തിറക്കിയെങ്കിലും പരാതികൾ പരിഹരിക്കേണ്ട വിഭാഗത്തിൻ്റെ അറ്റകുറ്റ പണികൾ ഇപ്പോഴും ബാക്കിയാണ്. ആയിരക്കണക്കിന് പരാതികൾ കെട്ടിക്കിടക്കുന്നു. മഴക്കാല അറ്റകുറ്റ പണികളുടെ കണക്കിൽ റോഡ് വിങ് തന്നെ നിലവിൽ ചില്ലറ അറ്റകുറ്റ പണികൾ നടത്തുകയാണ്.