പി.വി അന്‍വറിന്റെ ഭാര്യാപിതാവിന്റെ പേരിലുള്ള ചീങ്കണ്ണിപ്പാലിയിലുള്ള തടയണ പൊളിച്ചുനീക്കണമെന്ന് ഹൈക്കോടതി. ഇനി അങ്ങനെയൊരു തടയണ അവിടെ ഉണ്ടാകരുതെന്നും വെള്ളം തുറന്നുവിട്ടതുകൊണ്ടുമാത്രം കാര്യമില്ലെന്നും കോടതി പറഞ്ഞു. തടയണ പൊളിച്ചുനീക്കണമെന്ന ഉത്തരവ് നടപ്പാക്കാത്തതിനെ കോടതി രൂക്ഷമായി വിമര്‍ശിച്ചു.
ചീങ്കണിപ്പാലിയില്‍ പി.വി. അന്‍വര്‍ എം.എല്‍.എയുടെ ഭാര്യാപിതാവിന്റെ പേരിലുള്ള അനധികൃത തടയണ പൂര്‍ണമായും പൊളിച്ചുനീക്കണമെന്ന് ഹൈക്കോടതി നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. തുടര്‍ന്ന് തടയണ പൊളിച്ച് വെള്ളം തുറന്നു വിട്ടു. എന്നാല്‍ വെള്ളം തുറന്നുവിട്ടതുകൊണ്ടു മാത്രം കാര്യമില്ലെന്നും ഇനി അങ്ങനെ ഒരു തടയണ അവിടെ ഉണ്ടാകരുതെന്നും ഹൈക്കോടതി ഡിവിഷന് ബെഞ്ച് നിര്‍ദേശം നല്കി. ഹൈക്കോടതിയുടെ നേരത്തെയുള്ള നിര്‍ദേശങ്ങള്‍ പാലിക്കാത്തതില്‍ കോടതി വിമര്‍ശിക്കുകയും ചെയ്തു. പ്രകൃതി ദുരന്തങ്ങളില്‍ നിന്നും ഇനിയും പാഠം പഠിച്ചില്ലേയെന്ന് കോടതി ചോദിച്ചു.
ഈ മാസം മുപ്പതിനുള്ളില്‍ തടയണ പൊളിച്ചു നീക്കണമെന്നാണ് കോടതി കര്‍ശന നിര്‍ദേശം നല്‍കിയിട്ടുള്ളത്. ഒട്ടേറെപ്പേരുടെ കുടിവെള്ള സ്രോതസ്സായ അരുവി തടഞ്ഞു നിർത്തിയാണ് തടയണ നിർമിച്ചതെന്നും ഇതിനു താഴെ വാട്ടർ തീം പാർക്ക് നിർമിച്ചത് പരിസ്ഥിതി നാശത്തിനിടയാക്കുമെന്നും ചൂണ്ടിക്കാട്ടിയുള്ള ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.