HEAD LINES Kerala

പുതുപ്പള്ളിയിൽ ഉപതെരഞ്ഞെടുപ്പ് ചൂട് വർധിച്ചു; സ്ഥാനാർത്ഥികൾ ഇന്ന് സ്വാതന്ത്ര്യ ദിന പരിപാടികളിൽ പങ്കെടുക്കും

എൻഡിഎ സ്ഥാനാർഥി കൂടി വന്നതോടെ പുതുപ്പള്ളിയിൽ ഉപതെരഞ്ഞെടുപ്പ് ചൂട് വർധിച്ചു. പരമാവധി വോട്ടർമാരെ നേരിൽ കാണാനുള്ള തിരക്കിലാണ് ഇടത് വലത് മുന്നണി സ്ഥാനാർഥികൾ. രാവിലെ മൂവരും സ്വാതന്ത്ര്യ ദിന പരിപാടികളിൽ പങ്കെടുക്കും.

യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മന്റെ പര്യടനം രാവിലെ ഏഴിന് പുതുപ്പള്ളിയിൽ നിന്ന് ആരംഭിക്കും. മണ്ഡലത്തിലെ ആറ് നാല് പഞ്ചായത്ത്കളിലാണ് ഇന്ന് പര്യടനം ഉണ്ടാവുക. പ്രധാന നേതാക്കൾ വിവിധ പരിപാടികളിൽ സംസാരിക്കും. ജെയ്ക് സി തോമസ് ഇന്നും സ്വകാര്യ സന്ദർശനങ്ങളിലാണ്. മന്ത്രി വിഎൻ വാസവനൊപ്പം പ്രമുഖ വ്യക്തികളെ കണ്ട് പിന്തുണ തേടുകയാണ് ജെയ്ക്. എൽഡിഎഫിന്റെ ബൂത്ത് തല യോഗങ്ങളിൽ പാർട്ടി സംസ്ഥാന നേതാക്കൾ പങ്കെടുക്കുന്നുണ്ട്. നാളെയാണ് ജെയ്ക് നാമനിർദേശ പത്രിക സമർപ്പിക്കുക. എൻഡിഎ സ്ഥാനാർഥി ലിജിൻ ലാൽ ഇന്നലെ മണ്ഡലത്തിൽ ആദ്യ പര്യടനം നടത്തി. ഇന്ന് പുതുപ്പള്ളിയിൽ നിന്ന് പര്യടനം പരിപാടികൾ ആരംഭിക്കും. കേന്ദ്ര മന്ത്രിമാർ അടക്കം ലിജിന് വേണ്ടി പ്രചാരണത്തിനെത്തും.

കേന്ദ്ര പദ്ധതികൾ പുതുപ്പള്ളിയിൽ എത്തിക്കുകയാണ് ലക്ഷ്യമെന്ന് പുതുപ്പള്ളിയിലെ ബിജെപി സ്ഥാനാർത്ഥി ജി ലിജിൻ ലാൽ പറഞ്ഞിരുന്നു. പുതുപ്പള്ളിയിൽ വികസനം തന്നെയാണ് ചർച്ചയാകുകയെന്നും സഹതാപ തരംഗമില്ലെന്നും ജി ലിജിൻ ലാൽ ട്വന്റിഫോറിനോട് പറഞ്ഞു. സ്ഥാനാർത്ഥികളെ ആരേയും നിസാരക്കാരായി കാണുന്നില്ലെന്ന് ലിജിൻ ലാൽ പറഞ്ഞു. പുതുപ്പള്ളിയിൽ മാറ്റമുണ്ടാകണമെന്നാണ് ആക്രമിക്കുന്നത്. ബൂത്തുതലം മുതൽ ശക്തമായ പ്രചാരണം നടത്തുമെന്നും ലിജിൻ ലാൽ ട്വന്റിഫോറിനോട് പറഞ്ഞു.

മുൻപ് പുതുപ്പള്ളി മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിയായി അനിൽ ആന്റണി മത്സരിക്കുമെന്ന് പ്രചാരണമുണ്ടായിരുന്നെങ്കിലും ബിജെപി കോട്ടയം ജില്ലാ അധ്യക്ഷൻ ലിജിൻ ലാലിനെ ബിജെപി സ്ഥാനാർത്ഥിയാക്കുകയായിരുന്നു. ബിജെപി കേന്ദ്ര നേതൃത്വമാണ് സ്ഥാനാർത്ഥിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കടുത്തുരുത്തി മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥിയായിരുന്നു ലിജിൻ. യുവമോർച്ച ജില്ലാ പ്രസിഡന്റ്, ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കൊവിഡ് കാലത്ത് ജില്ലയിൽ ബിജെപി നടത്തിയ സന്നദ്ധ പ്രവർത്തനങ്ങളുടെ ചുമതല വഹിച്ചു. നേരത്തെ മുതിർന്ന നേതാവ് ജോർജ്ജ് കുര്യൻ മത്സരിക്കാൻ താൽപ്പര്യമില്ലെന്ന് അറിയിച്ചതോടെയാണ് ലിജിനെ മത്സരിപ്പിക്കാൻ സംസ്ഥാന നേതൃത്വത്തിൽ ധാരണയായത്.