India Kerala

കവളപ്പാറയിൽ ഇന്ന് മൂന്ന് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു

നിലമ്പൂർ കവളപ്പാറയിൽ മലയിടിഞ്ഞ് കാണാതായവർക്കായുള്ള തെരച്ചിൽ തുടരുന്നു . ഇന്ന് മൂന്ന് മൃതദേഹങ്ങള്‍ ഇവിടെ നിന്നും കണ്ടെടുത്തു. കൂടുതൽ ആധുനിക സംവിധാനം ഉപയോഗിച്ച് തെരച്ചിൽ ഊർജിതമാക്കാനാണ് സർക്കാർ നീക്കം. ഇതിനായി ജി.പി.ആർ എസ് സംവിധനം ഉപയോഗിക്കുമെന്ന് മന്ത്രി എ .കെ ശശീന്ദ്രൻ പറഞ്ഞു.

ഒരാഴ്ച കഴിഞ്ഞിട്ടും മണ്ണിനടിയിൽ പെട്ടവരെ കണ്ടെത്തുന്നതിനായുള്ള ശ്രമങ്ങൾ തുടരുകയാണ്. ഈ സാഹചര്യത്തിലാണ് കൂടുതൽ ആധുനിക സംവിധാനങ്ങൾ ഉപയോഗിക്കാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്. പുത്തുമലയിലും കവളപ്പാറയിലും തെരച്ചിൽ തുടരുമെന്നും തെരച്ചിൽ നിർത്തി വെക്കുന്ന ഒരു നിലപാടും സർക്കാരിനില്ലെന്നും മന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു.

ഇന്ന്‌ മൂന്ന് മൃതദേഹങ്ങൾ കൂടി പുറത്തെടുത്തതോടെ ആകെ കണ്ടെടുത്തവരുടെ എണ്ണം 36 ആയി. ഇനി 23 പേരെ കൂടി കണ്ടെത്താനുണ്ട്. നിലവിൽ ലഭിച്ച മൃതദേഹങ്ങൾ അഴുകിയ നിലയിലാണെങ്കിലും എല്ലാവരെയും തിരിച്ചറിയാൻ സാധിക്കുന്നുണ്ട്. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ വൈകിട്ട് 6 മണിയോടെയാണ് കവളപ്പാറയിലെത്തും. ദുരന്ത സ്ഥലവും ദുരിതാശ്വാസ ക്യാമ്പുകളും അദ്ദേഹം സന്ദർശിക്കും. മണ്ണിനടിയിൽ പെട്ട് കാണാതായ സൈനികൻ ലിനുവിന്റെ കുടുംബത്തെയും കേന്ദ്ര മന്ത്രി കാണും. കാലാവസ്ഥ അനുകൂലമാണെങ്കിൽ ഇന്നും കൂടുതൽ മൃതദേഹങ്ങൾ പുറത്തെടുക്കാനാവുമെന്നാണ് പ്രതീക്ഷ.

പുത്തുമലയിലും തെരച്ചില്‍ തുടരുന്നു

വയനാട് പുത്തുമല ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ബന്ധുക്കളുടെ സാന്നിദ്ധ്യത്തിൽ തുടരുന്നു.കൂടുതൽ മണ്ണുമാന്തി യന്ത്രങ്ങളെത്തിച്ചാണ് എട്ടാം ദിവസവും തെരച്ചിൽ നടക്കുന്നത്.

പുത്തുമലയിൽ നിന്ന് കാണാതായ 7 പേര്‍ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടങ്ങിയിട്ട് എട്ട് ദിവസം പിന്നിടുകയാണ് ആദ്യ മൂന്ന് ദിവസങ്ങളിൽ 10 മൃതദേഹം കണ്ടെടുത്തെങ്കിലും കഴിഞ്ഞ 4 ദിവസത്തെ തിരച്ചില്‍ വിഫലമാവുകയായിരുന്നു. കാണാതായവരുടെ ബന്ധുക്കളുമായി നടത്തിയ ചര്‍ച്ചക്ക് ശേഷവും മണ്ണുമാന്തി യന്ത്രമുപയോഗിച്ചുള്ള തെരച്ചില്‍ തുടരാന്‍ തന്നെയാണ് തീരുമാനിച്ചത്. സ്നിഫര്‍ ഡോഗുകളെയെത്തിച്ച് ഇന്നു വീണ്ടും ദൌത്യം തുടരുന്നുണ്ട്. പച്ചക്കാടും പുത്തുമലയിലുമായി തകര്‍ന്നടിഞ്ഞ 63 വീടുകളിലുള്ളവരെ താത്കാലികമായി പുനരധിവസിപ്പിക്കാനുള്ള ഒരുക്കത്തിലാണ് മേപ്പാടി , മുപ്പൈനാട് പഞ്ചായത്തധികൃതര്‍.

കാണാതായവരുടെ ബന്ധുക്കളുമായി നടത്തിയ ചര്‍ച്ചക്ക് ശേഷവും മണ്ണുമാന്തി യന്ത്രമുപയോഗിച്ചുള്ള തെരച്ചില്‍ തുടരാന്‍ തന്നെയാണ് തീരുമാനിച്ചത്. ഇന്നും ഇതുവരെ നടന്ന തെരച്ചിലിൽ ആരെയും കണ്ടെത്താനായില്ല.