India Kerala

പുത്തുമലയിലും കവളപ്പാറയിലും ഇന്നും തെരച്ചില്‍ തുടരും

വയനാട് പുത്തുമല ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ ഇന്നും തുടരും. ഇതിനകം പ്രദേശത്ത് നിന്ന് 10 മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ ഒരാഴ്ച പിന്നിട്ടിട്ടും മറ്റ് ഏഴു പേരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല.

ഒരാഴ്ച മുന്‍പുണ്ടായ ദുരന്തത്തില്‍ കാണാതായ 7 പേര്‍ക്ക് വേണ്ടിയാണ് പുത്തുമലയില്‍ ഇന്നും തെരച്ചില്‍ നടക്കുന്നത്. നൂറു കണക്കിന് സന്നദ്ധ സേവകരും മണ്ണ് മാന്തി യന്ത്രങ്ങളുപയോഗിച്ച് കിണഞ്ഞ് ശ്രമിച്ചിട്ടും കഴിഞ്ഞ 4 ദിവസത്തെ തിരച്ചില്‍ വിഫലമാവുകയായിരുന്നു. അനുകൂല കാലാവസ്ഥയായിരുന്നിട്ടും കഴിഞ്ഞ ദിവസത്തെ തെരച്ചിലിലും ആരെയും കണ്ടെത്താനായില്ല.

സ്നിഫര്‍ ഡോഗുകളെയെത്തിച്ച് നടത്തിയ തെരച്ചില്‍ ആദ്യദിനം ഫലം കണ്ടില്ലെങ്കിലും ഇന്നു വീണ്ടും ദൌത്യം തുടരും. പച്ചക്കാടും പുത്തുമലയിലുമായി തകര്‍ന്നടിഞ്ഞ 63 വീടുകളിലുള്ളവരെ താത്കാലികമായി പുനരധിവസിപ്പിക്കാനുള്ള ഒരുക്കത്തിലാണ് മേപ്പാടി , മുപ്പൈനാട് പഞ്ചായത്തധികൃതര്‍. കാണാതായവരുടെ ബന്ധുക്കളുമായി നടത്തിയ ചര്‍ച്ചക്ക് ശേഷവും മണ്ണുമാന്തി യന്ത്രമുപയോഗിച്ചുള്ള തെരച്ചില്‍ തുടരാന്‍ തന്നെയാണ് തീരുമാനിച്ചത്.

കവളപ്പാറയിൽ മണ്ണിനടിയിൽ പെട്ടവരെ കണ്ടെത്താനുള്ള ശ്രമം ഒരാഴ്ച പിന്നിടുകയാണ്. ഇന്നലെ 3 മൃതദേഹങ്ങൾ കൂടി പുറത്തെടുത്തതോടെ ആകെ കണ്ടെടുത്തവരുടെ എണ്ണം 33 ആയി. ഇനി 26 പേരെ കൂടി കണ്ടെത്താനുണ്ട്. ഇപ്പോൾ ലഭിക്കുന്ന മൃതദേഹങ്ങൾ അഴുകിയ നിലയിലാണെങ്കിലും എല്ലാവരെയും തിരിച്ചറിയാനായി . കാലാവസ്ഥ അനുകൂലമാണെങ്കിൽ ഇന്നും കൂടുതൽ മൃതദേഹങ്ങൾ പുറത്തെടുക്കാനാവുമെന്നാണ് പ്രതീക്ഷ.

കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ വൈകിട്ട് ആറ് മണിയോടെയാണ് കവളപ്പാറയിലെത്തുക. ദുരന്ത സ്ഥലവും ദുരിതാശ്വാസ ക്യാമ്പുകളും അദ്ദേഹം സന്ദർശിക്കും. മണ്ണിനടിയിൽ പെട്ട് കാണാതായ സൈനികൻ ലിനുവിന്റെ കുടുംബത്തെയും കേന്ദ്ര മന്ത്രി കാണും.