India Kerala

പുത്തുമല ദുരന്തബാധിതർ ഇപ്പോഴും വാടക വീടുകളിൽ; പുനരധിവാസം കടലാസിൽ

വയനാട്ടിൽ പുത്തുമല ദുരന്തത്തിന് ഇരയായവർക്ക് ഉള്ള പുനരധിവാസ പദ്ധതി ഇഴയുന്നു. ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് വീടും സ്ഥലവും സന്നദ്ധ സംഘടനകൾ സ്പോൺസർ ചെയ്തിട്ടും ഭൂമി ഏറ്റെടുത്ത് നൽകാൻ ഇനിയും അധികൃതർക്കായിട്ടില്ല.

കഴിഞ്ഞ ഓഗസ്റ്റ് എട്ടിനാണ് വയനാട്ടിലെ പുത്തുമല ഗ്രാമത്തിലെ 57 വീടുകൾ പൂർണമായി മണ്ണെടുത്തു പോയ ദുരന്തം ഉണ്ടായത്. നിരവധി വീടുകൾ താമസ യോഗ്യമല്ലാതായിത്തീരുകയും ചെയ്തു . വൈകാതെ തന്നെ പുത്തുമല പുനരധിവാസത്തിനായി സന്നദ്ധ സംഘടനകളും സ്ഥാപനങ്ങളും എല്ലാവർക്കുമുള്ള വീടും സ്ഥലവും സ്പോൺസർ ചെയ്തു. എന്നാൽ ഭൂമി ഏറ്റെടുത്ത് നൽകേണ്ട ജില്ലാ ഭരണകൂടത്തിനും മേപ്പാടി ഗ്രാമപഞ്ചായത്തിനും ഇതുവരെ അതിനായിട്ടില്ല. ആദ്യം കള്ളാടിക്കടുത്ത വാഴക്കാല എസ്റ്റേറ്റിലെ പതിനൊന്നേ മുക്കാൽ ഏക്കർ ഭൂമി കണ്ടെത്തിയിരുന്നെങ്കിലും നിയമ പ്രശ്നം മൂലം മറ്റൊരു ഭൂമി അന്വേഷിക്കേണ്ടി വന്നു . തുടർന്ന് മേപ്പാടിയിലെ പൂത്തക്കൊല്ലി എസ്റ്റേറ്റിൽ 7 ഏക്കർ ഭൂമി കണ്ടെത്തി എന്നാൽ ഇതിന്റെ രജിസ്ട്രേഷൻ നടപടികൾ ഇനിയും ആരംഭിച്ചിട്ടില്ല. രജിസ്ട്രേഷനുള്ള ചെലവ് ആര് വഹിക്കണമെന്ന അവ്യക്തതയാണ് കാലതാമസത്തിന് കാരണം.

അതേസമയം മേപ്പാടി ഗ്രാമപഞ്ചായത്തിന്റെ കീഴിൽ ആരംഭിച്ച പുത്തുമല പുനരധിവാസ സഹായ സമിതിയുടെ അക്കൗണ്ടിൽ സുമനസ്സുകൾ നൽകിയ 15 ലക്ഷത്തിലധികം രൂപ ഉപയോഗിക്കാതെ കിടപ്പുണ്ട്. കൊട്ടിഘോഷിച്ച പുത്തുമല ടൗൺഷിപ്പ് പ്രൊജക്റ്റിന്റെ തറക്കല്ലിടൽ കർമ്മം ഇതിനകം നാലു തവണയാണ് മാറ്റിവെച്ചത്. നിർമ്മാണം എപ്പോൾ തുടങ്ങാൻ ആവുമെന്ന ഉറപ്പു നൽകാൻ ഇപ്പോഴും അധികൃതർക്കാവുന്നില്ല.

ദുരന്തം കഴിഞ്ഞ് ആറു മാസം പിന്നിടുമ്പോഴും ദുരന്തബാധിതർ വാടകവീടുകളിൽ ആണ് കഴിയുന്നത്. ടൗൺഷിപ്പ് പ്രോജക്ട് ആവട്ടെ കടലാസിൽ തന്നെയാണിപ്പോഴും