Kerala

‘ബാലചന്ദ്രകുമാറിന്റെ മൊഴി ശരി’; ദിലീപ് പണം നല്‍കിയിരുന്നുവെന്ന് അന്വേഷണ സംഘത്തോട് പള്‍സര്‍ സുനി

നടന്‍ ദിലീപിനെതിരായ സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ മൊഴി ശരിയെന്ന് പള്‍സര്‍ സുനി. ബാലചന്ദ്രകുമാറിനെ പരിചയമുണ്ട്. ഒരേ വാഹനത്തില്‍ യാത്ര ചെയ്തിട്ടുണ്ടെന്നുമാണ് പള്‍സര്‍ സുനിയുടെ മൊഴി. ദിലീപിന്റെ സഹോദരന്‍ അനൂപിനൊപ്പമാണ് ബാലചന്ദ്രകുമാറിനെ കണ്ടത്. സിനിമയുടെ കഥ പറയാന്‍ വന്നയാളാണെന്നാണ് പരിചയപ്പെടുത്തിയത്. ദിലീപ് അന്നേ ദിവസം പണം നല്‍കിയിരുന്നെന്നും പള്‍സര്‍ സുനി ക്രൈംബ്രാഞ്ചിനോട് വെളിപ്പെടുത്തി.(pulsar suni)

ഇന്നലെ ഉച്ചയോടെയാണ് ബാലചന്ദ്രകുമാറിനെ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ കളമശ്ശേരി ഓഫിസിലേക്ക് വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തിയത്. എറണാകുളം സബ്ജയിലില്‍ എത്തിയാണ് ഇന്നലെ പള്‍സര്‍ സുനിയെ അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തത്. കേസിലെ പുതിയ വെളിപ്പെടുത്തലുകളുമായി ബന്ധപ്പെട്ട് പള്‍സര്‍ സുനിയെ ചോദ്യം ചെയ്യുന്നത് അനിവാര്യമെന്നായിരുന്നു അനേഷണ സംഘത്തിന്റെ വിലയിരുത്തല്‍. ഇതിനടിസ്ഥാനമായ ചോദ്യം ചെയ്യലാണ് വൈകിട്ടോടെ പൂര്‍ത്തിയായത്. ഏകദേശം ഒരുമണിക്കൂറോളം ചോദ്യം ചെയ്യല്‍ നീണ്ടുനിന്നു.

പള്‍സര്‍ സുനിക്ക് നേരത്തെ പറഞ്ഞതില്‍ നിന്നും കൂടുതല്‍ കാര്യങ്ങള്‍ കേസുമായി ബന്ധപ്പെട്ട് പറയാനുണ്ടോ, കൊട്ടേഷന്‍ അടക്കമുള്ള കാര്യങ്ങളിലേക്ക് നയിച്ച കാര്യങ്ങള്‍ ഉള്‍പ്പെടെ എല്ലാത്തിനുമുള്ള വിശദീകരണം അന്വേഷണസംഘം തേടിയിട്ടുണ്ട്. കോടതിയുടെ അനുമതിയോടെയാണ് അന്വേഷണ സംഘത്തിന്റെ നീക്കം.

അതേസമയം വധശ്രമ, ഗൂഡാലോചന കേസിലെ ദിലീപ് അടക്കമുള്ള പ്രതികളുടെ മുന്‍കൂര്‍ ജാമ്യഹര്‍ജിയിലും ഫോണുകള്‍ കൈമാറണമെന്നുള്ള പ്രോസിക്യൂഷന്റെ ഉപഹര്‍ജിയിലും ഹൈക്കോടതി ഇന്ന് തുടര്‍വാദം കേള്‍ക്കും. രാവിലെ 11 മണിക്ക് പ്രത്യേക സിറ്റിംഗ് നടത്തിയാണ് ജാമ്യാപേക്ഷകള്‍ ജസ്റ്റിസ് ബി.ഗോപിനാഥിന്റെ ബെഞ്ച് പരിഗണിക്കുക.

ഇന്നലെ ജാമ്യാപേക്ഷയിലും മൊബൈല്‍ഫോണുകള്‍ ഹാജരാക്കാന്‍ പ്രതികള്‍ക്ക് നിര്‍ദേശം നല്‍കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യത്തിന്മേലും വാദം കേട്ട കോടതി വിശദവാദത്തിനായി ഹര്‍ജികള്‍ ഇന്നത്തേക്ക് മാറ്റുകയായിരുന്നു. ഫോണുകള്‍ ഹാജരാക്കാത്ത പ്രതികളുടെ നടപടി കഴിഞ്ഞ ദിവസം ഹൈക്കോടതി ചോദ്യം ചെയ്തിരുന്നു. ബാലചന്ദ്രകുമാറുമായുള്ള സംഭാഷണങ്ങള്‍ അടങ്ങുന്ന ഫോണുകള്‍ ഫോറന്‍സിക് ടെസ്റ്റിന് കൈമാറിയിരിക്കുകയാണെന്നും ജാമ്യാപേക്ഷകള്‍ പരിഗണിക്കുന്ന കോടതിക്ക് ഫോണുകള്‍ കൈമാറാന്‍ ഉത്തരവിടുന്നതിന് അധികാരമില്ലെന്നുമാണ് ദിലീപിന്റെ നിലപാട്. എന്നാല്‍ ദിലീപ്, സഹോദരന്‍ അനൂപ്, ബന്ധു സുരാജ് എന്നിവരുടെ ഫോണുകള്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളോടെ ഒരുമിച്ച് മാറ്റിയെന്നും ഇത് ഗൂഡാലോചനയ്ക്ക് തെളിവാണെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിട്ടുണ്ട്.