Kerala

ദളിത് ദമ്പതികളെ ക്ഷേത്രത്തിൽ കയറ്റാത്ത പൂജാരിയെ പൊലീസ് പൊക്കി

ക്ഷേത്രത്തിൽ പ്രാർത്ഥിക്കാനെത്തിയ ദളിത് ദമ്പതികളെ തടഞ്ഞ പൂജാരിയെ രാജസ്ഥാൻ പൊലീസ് അറസ്റ്റ് ചെയ്‌തു. ജോഥ്പൂർ ജലോറിലെ ക്ഷേത്രത്തിലാണ് പൂജാരി ദളിത് ദമ്പതികളെ തടഞ്ഞത്. അഹോർ സബ്‌ഡിവിഷന് കീഴിലുള്ള നീലകണ്‌ഠ ഗ്രാമത്തിലാണ് സംഭവം. ക്ഷേത്രത്തിന്റെ ഗേറ്റിൽ ദമ്പതികളെ വേല ഭാരതി തടയുന്നതിന്‍റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിൽ ചർച്ചയായിരുന്നു. എന്നാൽ ഗ്രാമത്തിലെ ചിലര്‍ പൂജാരിയെ പിന്തുണച്ചുകൊണ്ട് രംഗത്തുവന്നിട്ടുണ്ട്.

വിവാദ സംഭവത്തിന് ശേഷം ദമ്പതികള്‍ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് പൂജാരിയെ അറസ്റ്റ് ചെയ്തത്. പട്ടികജാതി-പട്ടികവർഗ (അതിക്രമങ്ങൾ തടയൽ) നിയമപ്രകാരം പൂജാരിക്കെതിരെ കേസെടുത്തുവെന്നും അന്വേഷണം നടത്തിവരുകയാണെന്നും ജലോർ പൊലീസ് സൂപ്രണ്ട് ഹർഷ് വർധൻ അഗർവാല വ്യക്തമാക്കി.

വിവാഹശേഷം ക്ഷേത്രത്തിൽ നാളികേരം സമർപ്പിക്കാനായിരുന്നു ദമ്പതികൾ എത്തിയത്. ഇവരെ ഗേറ്റിൽ തടഞ്ഞു നിർത്തിയ ശേഷം നാളികേരം പുറത്ത് സമർപ്പിച്ചാൽ മതിയെന്നും ക്ഷേത്രത്തിൽ കയറ്റില്ലെന്നുമുള്ള വിചിത്രനിലപാടാണ് പൂജാരി സ്വീകരിച്ചതെന്ന് ദമ്പതികൾ പരാതിയിൽ പറയുന്നു. ദളിത് വിഭാഗത്തിൽ പെട്ടവരായതിനാൽ ക്ഷേത്രത്തിൽ കയറുന്നത് വിലക്കിയെന്ന് കാട്ടിയാണ് ദമ്പതികള്‍ പൊലീസിൽ പരാതി നൽകിയത്.