India Kerala National

പത്തനംതിട്ട ജില്ലയില്‍ 10 പേരെ കൂടി ഐസൊലേഷന്‍ വാര്‍ഡുകളിലേക്ക് മാറ്റി; 14 ദിവസത്തേക്ക് പൊതുപരിപാടികൾ നിർത്തിവെച്ചു

5 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതിന് പിന്നാലെ പത്തനംതിട്ട ജില്ലയില്‍ പത്ത് പേരെ കൂടി ഐസലേഷന്‍ വാര്‍ഡുകളിലേക്ക് മാറ്റി. കൂടുതല്‍ പേരില്‍ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയ സാഹചര്യത്തില്‍ ഐസലേഷന്‍ വാര്‍ഡുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാനും തീരുമാനിച്ചു. രോഗവ്യാപനം തടയാന്‍ ജില്ലയിലെ പൊതു പരിപാടികള്‍ 14 ദിവസത്തേക്ക് നിര്‍ത്തിവെച്ചതായും ജില്ലാ കലക്ടര്‍ അറിയിച്ചു. ഇന്നലെ രോഗം സ്ഥിരീകരിച്ചവരുടെ അടുത്ത ബന്ധുക്കളെ വീട്ടില്‍ നിന്ന് കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

കോവിഡ് 19 ബാധിച്ചവരുമായി നേരിട്ട ബന്ധപ്പെട്ട 150 പേരുടെ പ്രൈമറി ലിസ്റ്റ് ജില്ല ഭരണകൂടം തയ്യാറാക്കിയിരുന്നു. ഇതില്‍ ഉള്‍പ്പെട്ട 10 പേരെയാണ് പുതിയതായി ഐസലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയത്. രോഗ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്നായിരുന്നു നടപടി. കൂടുതല്‍ ആശുപത്രികളില്‍ ഐസൊലേഷന്‍ വാര്‍ഡുകള്‍ തുറക്കാനും തീരുമാനിച്ചു.

രോഗ ബാധിതരായവര്‍ നേരിട്ടും അല്ലാതെയും ബന്ധപ്പെട്ടവരെ കണ്ടെത്താനുള്ള നടപടികള്‍ ശക്തമായി തന്നെ തുടരുകയാണ്. നിലവില്‍ 9 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. രോഗബാധിതരായവരുടെ മാതാപിതാക്കളെ കോട്ടയം മെഡിക്കല്‍ കോളേജിലേക്കും മാറ്റും. രോഗം പടരാനുള്ള സാധ്യത കണക്കിലെടുത്ത് 14 ദിവസത്തേക്ക് ജില്ലയിലെ പൊതുപരിപാടികള്‍ റദ്ദാക്കിയതായി ജില്ലാ കലക്ടര്‍ അറിയിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മൂന്ന് ദിവസത്തേക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലാ കോടതിയിലെ കേസ് നടപടികളും നിര്‍ത്തിവെച്ചു.