Kerala

ചെലവ് 1,40,00000 രൂപ: സിസിടിവി ദൃശ്യങ്ങള്‍ എൻ.ഐ.എക്ക് കൈമാറാനാകില്ലെന്ന് പൊതുഭരണവകുപ്പ്

ദൃശ്യങ്ങള്‍ മാറ്റാന്‍ 400 ടിബിയുടെ രണ്ട് ഹാര്‍ഡ് ഡിസ്കുകള്‍ വേണം. ഇതിന് ഒരു കോടി നാൽപ്പത് ലക്ഷം രൂപയാണെന്നും ഇത് ആര് വഹിക്കുമെന്നുമാണ് പൊതുഭരണ വകുപ്പ് ഉന്നയിക്കുന്ന പ്രശ്നം.

സെക്രട്ടറിയേറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ എന്‍ഐഎക്ക് കൈമാറാതിരിക്കാന്‍ പുതിയ വാദവുമായി പൊതുഭരണ വകുപ്പ്. ദൃശ്യങ്ങള്‍ മാറ്റാന്‍ 400 ടിബിയുടെ രണ്ട് ഹാര്‍ഡ് ഡിസ്കുകള്‍ വേണം. ഇതിന് ഒരു കോടി നാൽപ്പത് ലക്ഷം രൂപയാണെന്നും ഇത് ആര് വഹിക്കുമെന്നുമാണ് പൊതുഭരണ വകുപ്പ് ഉന്നയിക്കുന്ന പ്രശ്നം.

സെക്രട്ടേറിയറ്റിലെ സിസിടിവി ദൃശ്യങ്ങൾ എൻ.ഐ.എക്ക് തത്കാലം കൈമാറേണ്ടതില്ലെന്നാണ് പൊതുഭരണ വകുപ്പിന്റെ തീരുമാനം. ഇതിന്റെ കാരണം അന്വേഷിച്ചപ്പോഴാണ് രസകരമായ ഒരു കാര്യം അറിഞ്ഞത്. ദൃശ്യങ്ങൾ കൈമാറാൻ ചെലവഴിക്കേണ്ടത് ഒരു കോടി നാൽപ്പത് ലക്ഷം രൂപ. ഇത് ആര് വഹിക്കുമെന്നതാണ് പ്രശ്നം.

സ്വർണ്ണക്കടത്ത് കേസിൽ വഴിത്തിരിവാകുന്നത് സെക്രട്ടേറിയേറ്റിലെ സിസി ടിവി ദൃശ്യങ്ങളെന്നാണ് എൻ.ഐ.യുടെ വിലയിരുത്തൽ. ഇതിന്‍റെ ഭാഗമായാണ് പൊതുഭരണവകുപ്പിലെ ഹൌസ്‍കീപ്പിംഗ് വിഭാഗത്തെ സിസിടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് എന്‍ഐഎ സമീപിക്കുന്നത്. ഒരുവര്‍ഷത്തെ ദൃശ്യങ്ങളാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

വിവാദത്തിൽപ്പെട്ട ശിവശങ്കരനും കെ.ടി.ജലീലുമൊക്കെ സെക്രട്ടേറിയേറ്റില്‍ വെച്ച് സ്വപ്നയുമായും സരിത്തുമായും സന്ദീപുമായുമൊക്കെ സംസാരിച്ചിട്ടുണ്ടോ എന്ന് കണ്ടെത്തുകയാണ് സിസിടിവി ദൃശ്യങ്ങളിലൂടെ എന്‍ഐഎ ലക്ഷ്യമിടുന്നത്. 24 മണിക്കൂറും പ്രവർത്തിച്ച 82 ക്യാമറകളിലെ 365 ദിവസത്തെ ദൃശ്യങ്ങളാണ് ഏതുസമയത്തും എന്‍ഐഎക്ക് നല്‍കാമെന്ന് പൊതുഭരണവകുപ്പ് അറിയിച്ചത്. എന്നാല്‍ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ പൊതുഭരണവകുപ്പ് നിലപാട് മാറ്റി, തത്കാലം ദൃശ്യങ്ങള്‍ നല്‍കേണ്ടതില്ല. കാര്യത്തോട് അടുത്തപ്പോഴാണ് വകുപ്പിന് ഗൌരവം മനസ്സിലായത്.

എന്‍ഐഎ ആവശ്യപ്പെട്ട ദൃശ്യങ്ങളെല്ലാം കൂടി ഏകദേശം 800 ടെറാബൈറ്റ് വരും. അതെല്ലാം ശേഖരിക്കണമെങ്കില്‍ 400 ടിബിയുടെ രണ്ട് ഹാര്‍ഡ് ഡിസ്കുകള്‍ വേണം. ഇത്തരം ഹാര്‍ഡ് ഡിസ്കുകള്‍ ഇന്ത്യയിലില്ല. അതിനാല്‍ ഇവ വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യണം. ഏകദേശം 1 കോടി 40 ലക്ഷം രൂപ വേണ്ടി വരും അതിന് ചെലവ്. ഈ തുക ആര് വഹിക്കും എന്നൊരു ചോദ്യമാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നത്. അതുകൊണ്ടാണ് ദൃശ്യങ്ങള്‍ തത്കാലം കൈമാറേണ്ടതില്ലെന്ന് വകുപ്പ് തീരുമാനമെടുത്തത്. ആവശ്യമെങ്കില്‍ എന്‍ഐഎക്ക് എപ്പോള്‍ വേണമെങ്കിലും സ്റ്റോര്‍ റൂമില്‍ കയറി ദൃശ്യങ്ങള്‍ പരിശോധിക്കാം

400 ടിബിയുടെ രണ്ട് ഹാർഡിസ്കുകൾ എന്തിനാണ്, കുറവ് ഡാറ്റകള്‍ ശേഖരിക്കുന്ന ഏഴോ എട്ടോ ഹാര്‍ഡ് ഡിസ്കുകള്‍ ഉപയോഗിച്ചാല്‍ പോരെ എന്നാണ് ഐടി വിദഗ്ധര്‍ ചോദിക്കുന്ന ചോദ്യം.