പത്തനംതിട്ടയിൽ മഴ ശമിച്ചതോടെ നദികളിലെ ജലനിരപ്പ് താഴ്ന്നു തുടങ്ങി. അപ്പർ കുട്ടനാട് മേഖലയിൽ വെള്ളക്കെട്ട് തുടരുകയാണ്. വെള്ളക്കെട്ട് പരിഗണിച്ച് ഇന്ന് തിരുവല്ല താലൂക്കിലെ പ്രൊഫഷണൽ കോളേജ് ഉൾപ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കലക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും ഇന്ന് അവധിയാണ്.
പമ്പയിലും അച്ചൻകോവിലാറിലും ജലനിരപ്പ് താഴ്ന്നു തുടങ്ങിയെങ്കിലും അപ്പർ കുട്ടനാട് മേഖലകളിലെ പല വീടുകളിൽ നിന്നും വെള്ളം ഇറങ്ങിയിട്ടില്ല. തിരുവല്ലയിലെ മേപ്രാൽ, നിരണം മേഖലകളിലെ പല റോഡുകളിലും വെള്ളക്കെട്ട് തുടരുകയാണ്. വയൽ മേഖലയായതു കൊണ്ട് തന്നെ പെട്ടെന്ന് ജലനിരപ്പ് താഴുകയുമില്ല. ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്ന് വീടുകളിലേക്ക് പോയ പലരും വെള്ളം ഇറങ്ങാത്തതിനാൽ ക്യാമ്പുകളിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്.
വെള്ളം ഇറങ്ങിയാലും ചെളി നീക്കം ചെയ്തതിന് ശേഷം മാത്രമേ ക്യാമ്പിൽ കഴിയുന്നവർക്ക് വീടുകളിലേക്ക് മടങ്ങാൻ കഴിയു . ജില്ലയിൽ 97 ക്യാമ്പുകളിലായി 8000 ത്തോളം പേരാണ് കഴിയുന്നത്.