അന്തരിച്ച പ്രശസ്ത കായിക പരിശീലകന്‍ ഒ.എം നമ്പ്യാരുടെ ഓര്‍മകള്‍ പങ്കുവയ്ക്കുകയാണ് അദ്ദേഹത്തിന്റെ പ്രിയ ശിഷ്യ പി.ടി ഉഷ. ഫേസ്ബുക്ക് കുറിപ്പിലാണ് പി.ടി ഉഷ തന്റെ ഗുരുവിനെ കുറിച്ചെഴുതിയത്.
‘എന്റെ ഗുരു, പരിശീലകന്‍, അദ്ദേഹത്തിന്റെ വിയോഗം ഒരിക്കലും നികത്താനാകില്ല. അതെന്നില്‍ വലിയ ശൂന്യതായണ് സൃഷ്ടിക്കുന്നത്. എന്റെ ജീവിതത്തില്‍ അദ്ദേഹം വഹിച്ച പങ്ക് വാക്കുകളിലൊതുക്കാന്‍ കഴിയുന്നതല്ല, ഞങ്ങള്‍ ഒ.എം നമ്പ്യാര്‍ സാറിനെ മിസ് ചെയ്യും’.
1984ല്‍ ലോസ്ഏഞ്ചല്‍സിലെ ഒളിമ്പിക്‌സില്‍ പി.ടി ഉഷയുടെ പരിശീലകനായിരുന്നു ഒ.എം നമ്പ്യാര്‍. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. പി.ടി ഉഷയുടെ പരിശീലകന്‍ എന്ന നിലയിലാണ് അദ്ദേഹം കൂടുതല്‍ പ്രശസ്തനായത്. 1986ല്‍ രാജ്യം പത്മശ്രീയും കായികരംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് 2021ല്‍ ദ്രോണാചാര്യ അവാര്‍ഡും നല്‍കി അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. മികച്ച പരിശീലകനുള്ള ദ്രോണാചാര്യ അവാര്‍ഡ് ലഭിക്കുന്ന ആദ്യ വ്യക്തിയാണ് ഒ.എം നമ്പ്യാര്‍.
ഒതയോത്ത് മാധവന്‍ നമ്പ്യാര്‍ എന്നാണ് പൂര്‍ണപേര്. കോളജ് ജീവിതത്തിലും കായികതാരമായിരുന്ന ഒ എം നമ്പ്യാര്‍ 1955ല്‍ വ്യോമസേനയില്‍ ചേര്‍ന്നു. അവിടെയും അദ്ദേഹം അറിയപ്പെടുന്ന കായികതാരമായിരുന്നു. പട്യാല നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പോര്‍ട്സില്‍ നിന്നും പരിശീലക ലൈസന്‍സ് നേടിയ അദ്ദേഹം സര്‍വ്വീസസിന്റെ കോച്ചായി ചേര്‍ന്നു. പിന്നീട് കേരളാ സ്പോര്‍ട്സ് കൗണ്‍സിലിന്റെയും പരിശീലകനായി ഒ എം നമ്പ്യാര്‍. സൈനിക സേവനത്തിനുശേഷമായിരുന്നു കണ്ണൂരിലെ സ്പോര്‍ട്സ് സ്‌കൂളിലെ അധ്യാപക ജീവിതം.
1970-ല്‍ ഇവിടെ വിദ്യാര്‍ഥിനിയായിരുന്ന പി.ടി. ഉഷയെ ഇദ്ദേഹം പരിശീലിപ്പിച്ചിരുന്നു. പിന്നീട് ഉഷയുടെ വ്യക്തിഗത പരിശീലകനായി. 1980, 84, 88, 92, 96 വര്‍ഷങ്ങളിലെ ഒളിമ്പിക്സുകളിലും വിവിധ വര്‍ഷങ്ങളിലെ ഏഷ്യാഡിലും ഇദ്ദേഹമായിരുന്നു ഉഷയുടെ പരിശീലകന്‍.