പി.ടി ഉഷയ്ക്കെതിരായ വിവാദ പരാമർശത്തിൽ എളമരം കരീം എം.പിയെ വിമർശിച്ച് ബിജെപി നേതാവ് എം.ടി. രമേശ്. ബഹുമാനപ്പെട്ട എളമരം കരീം എം.പിക്ക് ഒരു തുറന്ന കത്ത് എന്ന് തുടങ്ങുന്ന കുറിപ്പാണ് എം.ടി. രമേശ് ഫെയ്സ്ബുക്കിൽ പങ്കിവെച്ചത്.
” ബഹുമാനപ്പെട്ട എളമരം കരീം എം.പി ക്ക് ഒരു തുറന്ന കത്ത്. ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 4 (1) 80 (2) പ്രകാരം 12 അംഗങ്ങളെ രാജ്യസഭയിലേക്ക് രാഷ്ട്രപതിയാണ് നോമിനേറ്റ് ചെയ്യുന്നത്. കല, സാഹിത്യം, കായികം, തുടങ്ങി വ്യത്യസ്ത മേഖലകളിൽ സംഭാവന നൽകിയ മഹാന്മാരായ പലരും കേരളത്തിൽ നിന്നും രാജ്യത്തിന്റെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ഈ 12 പേരിലേക്ക് നാമനിർദ്ദേശം ചെയ്തിട്ടുണ്ട്. ഭരിക്കുന്ന സർക്കാരുകൾ നിർദേശിക്കുന്നവരെ രാഷ്ട്രപതി പ്രഖ്യാപിക്കുന്നതാണ് രീതി. 1952 മുതൽ ഇന്നുവരെ 152 പേരെ പല കാലങ്ങളിലായി രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്യപ്പെട്ടിട്ടുണ്ട്.
രാഷ്ട്രീയത്തിനപ്പുറത്ത് രാഷ്ട്രത്തിന് സംഭാവന നൽകിയ മഹാന്മാർ അവരുടെ സംഭാവനകൾ രാജ്യസഭയിൽ നിർവഹിച്ചിട്ടുണ്ട്. 1959 ൽ കേരളത്തിൽ നിന്ന് കെ.എം പണിക്കർ രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്യപ്പെട്ടിട്ടുണ്ട്. 1968 ൽ ജി. ശങ്കരക്കുറുപ്പിനെ കേരളത്തിൽ നിന്ന് നാമനിർദേശം ചെയ്തിട്ടുണ്ട്. 2016 ൽ സുരേഷ് ഗോപി, ഇപ്പോൾ പി.ടി. ഉഷ. രാജ്യത്ത് ലത മങ്കേഷ്ക്കർ, എം എസ് സ്വാമിനാഥൻ, ഹേമ മാലിനി തുടങ്ങി സച്ചിൻ ടെണ്ടുൽക്കർ വരെ എത്രയോ പ്രഗൽഭർ. ഇവരെപ്പോലെ യോഗ്യത പി.ടി. ഉഷയ്ക്കില്ലെ ? ഉണ്ട് എന്ന് രാജ്യം പറയുന്നു. രാജ്യത്തിന്റെ പ്രധാനമന്ത്രി അത് സാക്ഷ്യപ്പെടുത്തുന്നു.
രാഷ്ട്രീയം നോക്കി ആയിരുന്നെങ്കിൽ ബി.ജെ.പിക്കു നേട്ടമുള്ള സംസ്ഥാനങ്ങളിൽ നിന്ന് ഒരാളെ ആകാമായിരുന്നില്ലെ ? 1984 ൽ പദ്മശ്രീയും അർജുന അവാർഡും നേടിയ കായിക താരം. 1985ലും 86 ലും ലോകത്തെ പത്തു അത്ലറ്റുകളിൽ ഒരാൾ പി.ടി ഉഷ ആയിരുന്നു. ഇന്നുവരെ അങ്ങനെ ഒരു നേട്ടം ഇന്ത്യ കൈവരിച്ചിട്ടില്ല. 2000 ത്തിൽ അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് വിരമിച്ച ശേഷവും രാജ്യത്തിന്റെ കായിക കുതിപ്പിന് കണ്ണും കരളുമായിരുന്നു ഉഷ. പക്ഷെ എളമരം കരീം എന്ന ശുദ്ധ ഭോഷ്കനായ ഒരു രാഷ്ട്രീയ നേതാവിന് ഉഷയുടെ മഹത്വം മനസ്സിലാകില്ല. പിന്നെ കമ്മ്യൂണിസ്റ്റുകാരുടെ ഏറ്റവും വലിയ പ്രത്യേകത അവർ അവരുടെ കണ്ണിലൂടെ മാത്രമേ മറ്റുള്ളവരെയും നോക്കി കാണുകയുള്ളു എന്നതാണ്.
കമ്മ്യൂണിസ്റ്റുകാർക്കുള്ള എല്ലാ വെളിവില്ലായ്മകളും അവർ മറ്റുള്ളവരിലും ആരോപിക്കും. അതിൽ ഒന്നാണ് നോമിനേറ്റഡ് പോസ്റ്റുകൾ. സംസ്ഥാന സർക്കാരിന് കീഴിൽ വരുന്ന നോമിനേറ്റഡ് പദവികളെല്ലാം പിണറായി സ്തുതി പാഠകർക്കാണ് നിലവിൽ സിദ്ധിക്കുന്നത്. ചലച്ചിത്ര അക്കാദമി ചെയർമാൻ മുതൽ സംഗീത നാടക അക്കാദമി വരെ അങ്ങനെ തന്നെ. പക്ഷെ ബി.ജെ പി അങ്ങനെയല്ല സഖാവെ! ഇനി രാജ്യസഭയിലെത്താൻ താങ്കൾക്ക് എന്തു വിശിഷ്ട യോഗ്യതയാണ് ഉള്ളതെന്നു കൂടി വ്യക്തമാക്കിയാൽ നന്ന്. മാവൂർ ഗോളിയോ റയോൺസ് മുതൽ രാജ്യസഭ വരെ എളമരം കരീമിന്റെ രാഷ്ട്രീയ യാത്രയുടെ നേരും നെറിയും കേരളത്തിൽ പകൽ പോലെ അറിയാം. തെങ്ങിന്റെ മണ്ടയിൽ വികസനം വരില്ലെന്ന് വിലപിച്ച കരീമിന്റെ മന്ത്രിക്കാലം വ്യവസായ വകുപ്പ് അഴിമതിയുടെ വെള്ളാനയായിരുന്നു. പി.ടി ഉഷ ഇന്ത്യ എന്ന അഡ്രസ്സിൽ രാജ്യത്തിന്റെ കായിക കുതിപ്പിന് ഉണർവേകിയ പെൺകരുത്തിന് കരീമിന്റെ ആക്ഷേപങ്ങൾക്ക് മുന്നിൽ ഒന്നും സംഭവിക്കാനില്ല പക്ഷെ രാഷ്ട്രീയ ധാർമികത എന്ന ഒന്നുണ്ടെങ്കിൽ മാപ്പ് പറയണം സഖാവെ” !- എം.ടി. രമേശ് ഫെയ്സ്ബുക്കിൽ കുറിച്ചു.
സംഘപരിവാറിന് ഹിതകരമായി പെരുമാറുന്നവര്‍ക്ക് പാരിതോഷികങ്ങള്‍ ലഭിക്കുന്ന സ്ഥിതിയുണ്ടെന്നായിരുന്നു എളമരം കരീമിന്റെ വാക്കുകള്‍. പി ടി ഉഷയുടെ പേരെടുത്ത് പറയാത്ത വിമര്‍ശനത്തില്‍, ഇപ്പോള്‍ കേരളത്തില്‍നിന്ന് ഒരാളെ രാജ്യസഭയിലേക്കു നാമനിര്‍ദേശം ചെയ്തു. അതിന് തനിക്ക് യോഗ്യതയുണ്ടെന്ന് കുറച്ചുകാലമായി അവര്‍ തെളിയിച്ചുകൊണ്ടിരിക്കുകയായിരുന്നുവെന്ന് അദ്ദേഹം വിമര്‍ശിച്ചു. ഏഷ്യാഡ് യോഗ്യതയ്ക്കുപുറമേയുള്ള യോഗ്യതയാണു തെളിയിച്ചതെന്നും കരീം പറഞ്ഞിരുന്നു.