Kerala

പി.ടി തോമസിന് വിട നല്‍കാന്‍ രാഷ്ട്രീയ കേരളം; പൊട്ടിക്കരഞ്ഞ് നാട്ടുകാര്‍

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ടി തോമസിന്റെ വിയോഗത്തില്‍ പൊട്ടിക്കരഞ്ഞ് നാട്ടുകാര്‍. മുദ്രാവാക്യം വിളിച്ചും പൊട്ടിക്കരഞ്ഞുമാണ് തങ്ങളുടെ പ്രിയപ്പെട്ട പി.ടിക്ക് തൊടുപുഴക്കാര്‍ അന്ത്യാഞ്ജലിയര്‍പ്പിച്ചത്.

ജന്മനാടിന്റെ വികാരനിര്‍ഭരമായ മുഹൂര്‍ത്തങ്ങള്‍ക്കാണ് മണിക്കൂറുകളായി പി.ടിയുടെ ഭൗതിക ശരീരം സാക്ഷ്യം വഹിച്ചത്. വിലാപ യാത്രയില്‍ ആയിരങ്ങളാണ് തങ്ങളുടെ പി.ടിയെ അനുഗമിച്ചത്. ഇടുക്കിയില്‍ നിന്ന് പുറപ്പെട്ട വിലാപ യാത്ര തൊടുപുഴയിലെ പൊതുദര്‍ശനത്തിന് ശേഷം മൂവാറ്റുപുഴയിലെത്തി.

തൊടുപുഴയിലെ പൊതുദര്‍ശനത്തിന് ശേഷം മൃതദേഹം രാവിലെ പത്ത് മണിയോടെ എറണാകുളത്തെത്തിക്കും. എറണാകുളം ഡിസിസി ഓഫിസിലും ടൗണ്‍ഹാളിലും തൃക്കാക്കര കമ്മ്യൂണിറ്റി ഹാളിലും പൊതുദര്‍ശനമുണ്ടാകും. വൈകിട്ട് 5.30ന് കൊച്ചി രവിപുരം ശ്മശാനത്തിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ അന്തിമോപചാരം അര്‍പ്പിക്കാനെത്തും.

തന്റെ സംസ്‌കാര ചടങ്ങുകള്‍ എങ്ങനെ വേണമെന്ന കൃത്യമായ നിര്‍ദേശം നല്‍കിയ ശേഷമാണ് പിടി തോമസിന്റെ വിയോഗം. അന്ത്യാഭിലാഷം സംബന്ധിച്ച് അദ്ദേഹത്തിന്റെ നിര്‍ദേശ പ്രകാരം സുഹൃത്തുക്കള്‍ ചടങ്ങുകളെക്കുറിച്ച് എഴുതിവച്ചിരുന്നു. ഇന്നലെ രാവിലെ 10.15ഓടെ വെല്ലൂര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് പി.ടി വിടപറഞ്ഞത്.