Kerala

പി.എസ്.സി തട്ടിപ്പ്: പ്രതികളായ എസ്.എഫ്.ഐ നേതാക്കള്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കുന്നു

പി.എസ്.സി തട്ടിപ്പ് കേസും യൂണിവേഴ്സിറ്റി കോളജിലെ അതിക്രമകേസും ഉള്‍പ്പെടെ ഇടത് നേതാക്കൾ പ്രതികളായ കേസുകൾ കൂട്ടത്തോടെ പിൻവലിക്കാൻ സർക്കാർ നീക്കം. പൊതുമുതൽ നശിപ്പിച്ചത് ഉൾപ്പടെ 200ലധികം കേസുകൾ പിൻവലിക്കാൻ ആണ് സർക്കാർ കോടതിയിൽ അപേക്ഷ നൽകാൻ ഒരുങ്ങുന്നത്.

പ്രതിഷേധ സമരങ്ങൾക്ക് എതിരെ ശക്‌തമായ നടപടി ഉണ്ടാകുമെന്ന മുന്നറിയിപ്പ് നൽകുന്ന മുഖ്യമന്ത്രി നയിക്കുന്ന സർക്കാർ ആണ് എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ, എല്‍.ഡി.എഫ് പ്രവർത്തകരുടെ കേസുകൾ കൂട്ടത്തോടെ പിൻവലിക്കാൻ ഒരുങ്ങുന്നത് . ക്യാംപസ് രാഷ്ട്രീയ പാരമ്പര്യം അഭിമാനമായി കണ്ട യൂണിവേഴ്സിറ്റി കോളജിലെ ചോരക്കളി കേരളത്തിന് ആകെ നാണക്കേടായിരുന്നു. അക്രമത്തിലൂടെ ആണ് നാടാകെ അമ്പരന്ന പി.എസ്.സി തട്ടിപ്പിൻ്റെ ചുരുൾ അഴിഞ്ഞതും.

പ്രതികളായ നസീം, ശിവരഞ്ജിത് എന്നിവർക്ക് പാർട്ടി തണൽ ഒരുക്കിയെന്ന ആരോപണത്തിൽ പ്രതിഷേധം തെരുവുകളിലേക്കു വരെ എത്തിച്ചു, പിന്നീട് ആണ് അറസ്റ്റ് പോലും നടന്നത്. 2015ൽ ജീപ്പ് തകർത്ത കേസിൽ നിന്നാണ് നസീമിനെ രക്ഷിക്കുന്നത്. 2016ലെ കോളേജ് സംഘർഷത്തിൽ നിന്നാണ് ശിവരഞ്ജിത്തിനെ മോചിപ്പിക്കുന്നത്. പൊതുമുതൽ നശിപ്പിച്ചത് അടക്കമുള്ള കേസുകളാണ് പിൻവലിക്കുന്നതിലേറെയും. ഇടത് നേതാക്കളുടെ കേസുകൾ എണ്ണി പറഞ്ഞു കോടതിയിൽ സർക്കാർ അപേക്ഷ നൽകുമ്പോൾ മറ്റു പാർട്ടിക്കാരുടെ മേൽ ചുമത്തിയ കേസുകളുടെ കാര്യത്തിൽ വ്യക്തത ഇല്ല.