Kerala

സെക്രട്ടറിയേറ്റിന് മുന്നില്‍ മുട്ടിലിഴഞ്ഞ് പ്രതിഷേധം; ഉദ്യോഗാർഥികളിൽ പലരും പ്രതിഷേധത്തിനിടെ കുഴഞ്ഞുവീണു

പിൻവാതിൽ നിയമനങ്ങൾക്കെതിരെ സംസ്ഥാന വ്യാപകമായി ഇന്നും യുവജന സംഘടനകളുടെ പ്രതിഷേധം. സെക്രട്ടറിയേറ്റിന് മുന്നിൽ സമരത്തിലുള്ള ഉദ്യോഗാർഥികൾക്ക് പിന്തുണയുമായി യൂത്ത് കോൺഗ്രസ് നടത്തുന്ന നിരാഹാര സമരം ഇന്നും തുടരുകയാണ്.

റാങ്ക് ലിസ്റ്റ് നീട്ടില്ലെന്ന മന്ത്രിസഭാ തീരുമാനം വന്നതോടെ ശക്തമായ പ്രതിഷേധമാണ് സെക്രട്ടേറിയറ്റിന് മുന്നിൽ സമരം തുടരുന്ന ഉദ്യോഗാർഥികളുടെ ഭാഗത്ത് നിന്നുണ്ടായത്. മുട്ടിലിഴഞ്ഞ് പ്രതിഷേധിച്ച ഉദ്യോഗാർഥികളിൽ പലരും പ്രതിഷേധത്തിനിടെ കുഴഞ്ഞുവീണു. സർക്കാർ അനുകൂലമായ തീരുമാനം സ്വീകരിക്കുന്നതു വരെ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്ന് ഉദ്യോഗാർഥികൾ പറഞ്ഞു.

സർക്കാരിന്‍റെ ബന്ധുനിയമനങ്ങളിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ ആവശ്യപ്പെട്ടു. കോഴിക്കോട് കലക്ട്രേറ്റിലേക്ക് മാർച്ച് നടത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. കാലടി സര്‍വ്വകലാശാലയിൽ അനധികൃത നിനിത കണിച്ചേരിയുടെ അസി. പ്രൊഫസര്‍ നിയമനത്തിൽ പ്രതിഷേധിച്ച് സർവ്വകലാശാലയ്ക്ക് മുൻപിൽ കെ.എസ്‍.യു.വിന്‍റെ ഉപവാസ സമരം തുടങ്ങി. പാലക്കാട് കലക്ട്രേറ്റിലേക്ക് യുവമോർച്ച നടത്തിയ മാർച്ചിന് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.