Kerala

ഇന്നും തെരുവുയുദ്ധം; പ്രതീകാത്മകമായി മൃതദേഹം ചുമന്ന് പി.എസ്‍.സി ഉദ്യോഗാർഥികൾ

സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ശക്തമാക്കി ഉദ്യോഗാർത്ഥികൾ. ഉന്നയിച്ച എതെങ്കിലും ഒരു ആവശ്യം സർക്കാർ അംഗീകരിച്ചാൽ സമരം നിർത്തുമെന്ന് എൽ.ജി.എസ് റാങ്ക് ഹോൾഡേഴ്സ് അറിയിച്ചു. പ്രതീകാത്മകമായി മൃതദേഹം ചുമന്നാണ് ഇന്ന് സി.പി.ഒ ഉദ്യോഗാർത്ഥികൾ പ്രതിഷേധം നടത്തിയത്. നാളത്തെ മന്ത്രിസഭായോഗത്തിൽ അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ മറ്റ് വഴികളില്ലെന്ന് ഉദ്യോഗാർത്ഥികൾ പറയുന്നു.

യു.ഡി.എഫ് അധികാരത്തിൽ വന്നാൽ നിയമവിരുദ്ധമായുള്ള സ്ഥിരപ്പെടുത്തൽ പരിശോധിക്കുമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം 133 റാങ്ക് ലിസ്റ്റുകൾ റദ്ദാക്കി. ഇന്നുവരെ പകരം ലിസ്റ്റ് വെച്ചിട്ടുമില്ല. എന്തുകൊണ്ടാണ് ഒന്നരക്കൊല്ലം കൂടി നീട്ടാതെ ഈ ലിസ്റ്റുകള്‍ കാന്‍സലാക്കിയതെന്നും സമരപന്തലിൽ എത്തിയ ഉമ്മൻ ചാണ്ടി ചോദിച്ചു.

ഉദ്യോഗാർത്ഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മൂന്ന് ദിവസമായി നിരാഹാരസമരം നടത്തുന്ന യൂത്ത് കോൺഗ്രസ് ഇന്ന് ബൈക്ക് റാലിയും നടത്തി. മനുഷ്യത്വം എന്ന വാക്ക് സമരം ചെയ്യുന്നവര്‍ക്ക് ബാധകമല്ലേയെന്ന് ഷാഫി പറമ്പില്‍ എം.എല്‍.എ ചോദിച്ചു. മെറിറ്റില്‍ വന്നവരും ഫിസിക്കല്‍ പാസായി വന്നവരുമാണ് ഇവര്‍. പിന്‍വാതില്‍ നിയമനത്തിലൂടെ വരുന്നവരോട് മാത്രമാണോ മനുഷ്യത്വം കാണിക്കേണ്ടത്. നേരായ വാതിലൂടെ വരുന്നവരോട് മനുഷ്യത്വമില്ലേ എന്നും ഷാഫി പറമ്പിൽ കൂട്ടിച്ചേര്‍ത്തു.

അനധികൃത നിയമനവുമായി ബന്ധപ്പെട്ട് യുവമോർച്ചയും സെക്രട്ടറിയേറ്റിലേയ്ക്ക് മാ‍ര്‍ച്ച് നടത്തി. നാളെ നടക്കുന്ന മന്ത്രിസഭാ യോഗത്തിലാണ് ഉദ്യോഗാര്‍ത്ഥികളുടെ അവസാന പ്രതീക്ഷ. ഭക്ഷണം കഴിക്കാനോ താമസത്തിനോ ഉള്ള പൈസ പോലും ഇല്ലാത്ത അവസ്ഥയിലാണ് സമരത്തിനെത്തിയ ഉദ്യോഗാര്‍ത്ഥികളില്‍ പലരും.

അതിനിടെ പിൻവാതിൽ നിയമനങ്ങളിൽ പ്രതിഷേധിച്ച് പി.എസ്.സി ആസ്ഥാനത്തേക്ക് കെ.എസ്‍.യു നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായി. സമരക്കാർക്ക് നേരെ പൊലീസ് ജലപീരങ്കിയും ഗ്രനേഡും പ്രയോഗിച്ചു. എം. ബി രാജേഷിന്‍റെ ഭാര്യ നിനിത കണിച്ചേരിയുടെ വിവാദ നിയമനത്തിൽ കാലടി സർവകലാശാലയിലേക്കും കെ.എസ്.യു മാർച്ച് നടത്തി. മാർച്ച് നടത്തിയ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. യുവമോർച്ചയും സെക്രട്ടേറിയേറ്റിലേക്ക് മാർച്ച് നടത്തി. കാലിക്കറ്റ് സർവകലാശാലയിലേക്ക് യൂത്ത് ലീഗും മാർച്ച് നടത്തി.