പി.എസ്.സിയുടെയും സംസ്ഥാന ആരോഗ്യവകുപ്പിന്റെയും പിടിവാശിയെ തുടര്‍ന്ന് സംസ്ഥാനത്തെ ആയിരക്കണക്കിന് നഴ്‌സുമാര്‍ക്ക് ഇത്തവണയും പി.എസ്.സി പരീക്ഷ എഴുതാനാവില്ല. പ്ലസ്ടുവിന് സയന്‍സ് ഗ്രൂപ്പ് നിര്‍ബന്ധമാണെന്ന നിലപാടിനെ തുടര്‍ന്നാണ് സംസ്ഥാനത്തിനകത്തും പുറത്തും നഴ്‌സിങ് പഠനം പൂര്‍ത്തിയാക്കിയ നഴ്‌സുമാര്‍ക്ക് പരീക്ഷക്ക് അപേക്ഷിക്കാനാവാത്തത്.
കേരളത്തിന് പുറത്ത് ജനറല്‍ നഴ്‌സിങ് പ്രവേശനത്തിന് ഹയര്‍സെക്കന്ററിയില്‍ സയന്‍സ് ഗ്രൂപ്പ് പഠിച്ചിരിക്കണമെന്ന നിബന്ധന നേരത്തെ ഉണ്ടായിരുന്നില്ല. ഇതിനെ തുടര്‍ന്ന് കേരളത്തില്‍ നിന്ന് പതിനായിരക്കണക്കിന് വിദ്യാര്‍ഥികളാണ് ആന്ധ്ര, തമിഴ്‌നാട്, കര്‍ണാകടം തുടങ്ങിയ സംസ്ഥാനങ്ങളെ നഴ്‌സിങ് പഠനത്തിനായി ആശ്രയിച്ചിരുന്നത്. മൂന്ന് വര്‍ഷം മുമ്പ് കേരള നഴ്‌സിങ് കൌണ്‍സിലും ഈ നിബന്ധന എടുത്തു കളഞ്ഞു. പിന്നാലെയാണ് ജനറല്‍ നഴ്‌സിങ് കോഴ്‌സ് ഉപേക്ഷിക്കാന്‍ ഇന്ത്യന്‍ നഴ്‌സിങ് കൌണ്‍സില്‍ തീരുമാനിച്ചത്. ബി.എസ്.സി നഴ്‌സിങ് പ്രവേശനത്തിന് സയന്‌സ്് ഗ്രൂപ്പ് വേണമെന്ന നിബന്ധനയും കഴിഞ്ഞ ദിവസം ഇന്ത്യന്‍ നഴ്‌സിങ് കൌണ്‍സില്‍ ഒഴിവാക്കി. ഇതോടെ ഹയര്‍സെക്കന്ററിക്ക് ഏത് വിഷയം പഠിച്ചവര്‍ക്കും ഇന്ത്യയിലെവിടെയും ബി.എസ്.സി നഴ്‌സിങിന് പ്രവേശനം നേടാം എന്ന സാഹചര്യം ഉണ്ടായി. എന്നാല്‍ കേരളത്തില്‍ മാത്രം നഴ്‌സിങ് തസ്തികയിലേക്ക് പി.എസ്.സി വഴി അപേക്ഷിക്കാന്‍ സയന്‍സ് ഗ്രൂപ്പ് പഠിച്ചിരിക്കണമെന്ന നിബന്ധന നില ഇപ്പോഴും നില്‍ക്കുകയാണ്. ഇതെ തുടര്‍ന്ന് സംസ്ഥാനത്തിനകത്തും പുറത്തുമായി നഴ്‌സിങ് പഠനം പൂര്‍ത്തിയാക്കിയ ആയിരക്കണക്കിന് നഴ്‌സുമാര്‍ക്ക് പി.എസ്.സി പരീക്ഷക്ക് അപേക്ഷ നല്‍കാന്‍ പോലും സാധിക്കുന്നില്ല.