India Kerala

യൂണിവേഴ്സിറ്റി കോളജ് സംഘർഷത്തിലെ പ്രതികൾ ഉൾപ്പെട്ട പി.എസ്.സി റാങ്ക് ലിസ്റ്റിൽ അപാകതയെന്ന് അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ

യൂണിവേഴ്സിറ്റി കോളജ് സംഘർഷത്തിലെ പ്രതികൾ ഉൾപ്പെട്ട പി.എസ്.സി റാങ്ക് ലിസ്റ്റിൽ അപാകതയെന്ന് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ . ശാരീരിക ക്ഷമത പരീക്ഷയിൽ ക്രമക്കേട് നടന്നുവെന്ന പരാതിയിലാണ് ട്രിബ്യൂണൽ നടപടി. ട്രിബ്യൂണലിന്റെ അന്തിമ വിധിക്ക് വിധേയമായി മാത്രമേ നിയമന നടപടികൾ പൂർത്തികരിക്കാവൂ എന്നാണ് ഉത്തരവ്. പ്രതികള്‍ പൊലീസ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട സംഭവം ഇന്നത്തെ പി.എസ്.സി യോഗം ചർച്ചചെയ്യും.

യൂണിവേഴ്സിറ്റി കോളജിലെ സംഘർഷത്തിൽ പ്രതികളായ ശിവരഞ്ജിത്, നസിം എന്നിവരുൾപ്പെട്ട റാങ്ക് ലിസ്റ്റിനെതിരെയാണ് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിൽ പരാതി എത്തിയത്. പൊലീസ് നിയമനത്തിനുള്ള മാർഗനിർദേശങ്ങൾ പാലിച്ചല്ല ശാരീരിക ക്ഷമത പരീക്ഷ നടത്തിയതെന്ന് ചൂണ്ടിക്കാട്ടി 10 ഉദ്യോഗാർത്ഥികളാണ് പരാതി നൽകിയത്. കെ.എ.പി 4 ബറ്റാലിയൻ നിയമനത്തിലെ അന്തിമ നടപടികൾ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെ ഉത്തരവിന് വിധേയമായിട്ടായിരിക്കണമെന്നാണ് നിർദേശം.

യൂണിവേഴ്സിറ്റി കോളജിലെ സംഘർഷമുണ്ടാകുന്നതിന് മുൻപാണ് ഉദ്യോഗാർത്ഥികൾ ട്രിബ്യൂണലിനെ സമീപിച്ചത്. കേസിലെ രണ്ട് പ്രതികളും എസ്.എഫ്.ഐ യൂണിറ്റ് ഭാരവാഹിയായ പ്രണവും ഉൾപ്പെട്ട ലിസ്റ്റിലാണ് ഇപ്പോൾ അപാകത കണ്ടെത്തിയത്.

അതേസമയം യൂണിവേഴ്സിറ്റി കോളേജ് വധശ്രമക്കേസിലെ പ്രതികളായ എസ്.എഫ്.ഐ നേതാക്കൾ പൊലീസ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട സംഭവം ഇന്നത്തെ പി.എസ്.സി യോഗം ചർച്ചചെയ്യും. അജണ്ടയക്ക് പുറത്തുളള വിഷയമായാണ് ഇക്കാര്യം യോഗം ചർച്ച ചെയ്യുക. കേസിലെ പ്രതികളായ ശിവരഞ്ജിത്തിന് ഒന്നാം റാങ്കും എ.എൻ നസീമിന് 28ആം റാങ്കും ലഭിച്ചത് പരീക്ഷയിൽ ക്രമക്കേട് നടത്തിയാണെന്ന ആരോപണം ഉയർന്നിരുന്നു. എന്നാൽ ക്രമക്കേട് നടന്നിട്ടില്ലെന്നാണ് പി.എസ്.സിയുടെ പ്രാഥമിക വിലയിരുത്തല്‍.