India Kerala

പി.എസ്‌.സി പരീക്ഷാ തട്ടിപ്പില്‍ പൊലീസുകാരന്‍ കീഴടങ്ങി; കൂടുതല്‍ പി.എസ്‌.സി ലിസ്റ്റുകള്‍ പരിശോധിക്കും

പി.എസ്.സി പൊലീസ് കോൺസ്റ്റബിൾ പരീക്ഷാ ക്രമക്കേട് കേസിലെ അഞ്ചാം പ്രതി ഗോകുൽ കീഴടങ്ങി. വഞ്ചിയൂർ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലാണ് ഗോകുൽ കീഴടങ്ങിയത്. പ്രതികൾക്ക് എസ്.എം.എസ് വഴി ഉത്തരമയച്ചു കൊടുത്തത് ഗോകുലാണെന്ന് കണ്ടെത്തിയിരുന്നു. പേരൂർക്കട എസ്.എ.പി ക്യാമ്പിലെ പൊലീസുകാരനാണ് ഗോകുൽ. അതേസമയം കൂടുതല്‍ പി.എസ്‌.സി ലിസ്റ്റുകള്‍ പരിശോധിക്കാന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചു. മൂന്ന് വര്‍ഷത്തെ ലിസ്റ്റുകള്‍ പരിശോധിക്കാനാണ് തീരുമാനം. ഇതിനായി പി.എസ്‌.സിക്ക് നോട്ടീസ് നല്‍കും.

പി.എസ്.സി ക്രമക്കേട് കേസിലെ മുഖ്യപ്രതികളായ നസീം, ശിവരഞ്ജിത്ത്, പ്രണവ് എന്നിവർക്ക് പോലീസ് കോൺസ്റ്റബിൾ പരീക്ഷയുടെ ഉത്തരം എസ്.എം.എസായി അയച്ചു നൽകിയത് ഗോകുലും സഫീറും ചേർന്നാണെന്നു നേരത്തെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. പേരൂർക്കട എസ്.എ.പി ക്യാമ്പിലെ സി.പി.ഒ ആണ് കേസിൽ അഞ്ചാം പ്രതിയായ ഗോകുൽ. സംഭവത്തിന് ശേഷം ഒളിവിലായിരുന്ന ഗോകുലിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. കൂടാതെ 10 ദിവസത്തിനകം കീഴടങ്ങണമെന്നു കോടതി നിർദ്ദേശിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഗോകുൽ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ കീഴടങ്ങിയത്.

കേസ് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് സംഘത്തെ കീഴടങ്ങുന്ന കാര്യം അറിയിച്ചിരുന്നില്ല. തുടർന്ന് കോടതിയാണ് അന്വേഷണ ഉദ്യോഗസ്ഥരെ ഗോകുൽ കീഴടങ്ങിയ കാര്യം അറിയിച്ചത്. ഇന്ന് കീഴടങ്ങിയ ഗോകുലിനായി കോടതി പ്രൊഡക്ഷന്‍ വാറണ്ട് പുറപ്പെടുവിച്ചു. പ്രതികളായ പ്രണവും സഫീറും നാളെ കീഴടങ്ങിയേക്കും. കീഴടങ്ങുന്നതിന് മുന്‍പ് ഇവരെ അറസ്റ്റ് ചെയ്യാനാണ് അന്വേഷണസംഘത്തിന് ലഭിച്ച നിര്‍ദേശം.