പി.എസ്.സി പരീക്ഷ തട്ടിപ്പില്‍ സ്വതന്ത്ര ഏജന്‍സി നിഷ്പക്ഷ അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി. അനര്‍ഹര്‍ സര്‍ക്കാര്‍ സര്‍വീസില്‍ കയറുന്നത് തടയണമെന്നും കോടതി നിരീക്ഷിച്ചു. കേസിലെ പ്രതികളായ ശിവരഞ്ജിത്തുമായും നസീമുമായും പൊലീസ് ഇടുക്കിയില്‍ തെളിവെടുപ്പ് നടത്തുകയാണ്.
തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജിലെ വധശ്രമക്കേസ് പ്രതികൾക്ക് പൊലീസ് കോൺസ്റ്റബിൾ പരീക്ഷയെഴുതാൻ ഉത്തരങ്ങൾ ഫോൺ സന്ദേശമായി അയച്ചു നൽകി സഹായിച്ച കേസിലെ പ്രതി ഡി. സഫീറിന്റെ മുൻകൂർ ജാമ്യ ഹരജിയാണ് കോടതി പരിഗണിച്ചത്. പി.എസ്.സി പരീക്ഷ തട്ടിപ്പില്‍ സ്വതന്ത്ര അന്വേഷണം വേണമെന്ന് കോടതി നിര്‍ദേശിച്ചു. സഫീറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ കോടതി പത്ത് ദിവസത്തിനകം അന്വേഷണം ഉദ്യോഗസ്ഥന് മുന്‍പാകെ ഹാജരാകണമെന്നും നിര്‍ദേശം നല്കി. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ വിദ്യാർഥി അഖിലിനെ കുത്തിക്കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതികളായ ശിവരഞ്ജിത്ത്, നസീം എന്നീ പ്രതികൾക്ക് പൊലീസ് കോൺസ്റ്റബിൾ നിയമനത്തിനുള്ള പരീക്ഷയെഴുതാൻ ഹരജിക്കാരൻ സഹായിച്ചെന്നാണ് കേസ്.
പി.എസ്.സി പരീക്ഷ കുറ്റമറ്റ രീതിയില്‍ നടത്തേണ്ടതാണ്. പരീക്ഷ കഴിയാതെ ചോദ്യങ്ങള്‍ പുറത്ത് പോകാന്‍ പാടില്ല. എന്നാല്‍ യൂണിവേഴ്സിറ്റി കോളജിലെ പ്രതികള്‍ പൊലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷയിലെ ചോദ്യങ്ങള്‍ പരീക്ഷ, അവസാനിക്കുന്നതിന് മുന്‍പേ പുറത്ത് വിട്ടു. . പരീക്ഷ നടന്ന ജൂലൈ 22ന് ഉച്ചക്ക് രണ്ടിനും മൂന്നിനുമിടയിൽ ഇരുവർക്കും 93 മൊബൈൽ ഫോൺ സന്ദേശങ്ങൾ ലഭിച്ചെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.