India Kerala

പി.എസ്‌.സി പരീക്ഷയില്‍ ക്രമക്കേട് നടത്തിയെന്ന ആരോപണം ഗുരുതരമെന്ന് കോടതി

അന്വേഷണം സി.ബി.ഐയ്ക്ക് വിടണമെന്നാവശ്യപ്പെട്ട് ഉദ്യോഗാർത്ഥികൾ നൽകിയ ഹരജിയിലാണ് കോടതി നിർദേശം. സംസ്ഥാന ഏജന്‍സി അന്വേഷിച്ചാല്‍ കേസ് തെളിയില്ലെന്നും അതിനാല്‍ കേന്ദ്ര ഏജന്‍സി തന്നെ അന്വേഷിക്കണമെന്നുമാണ് ഹരജിയിലെ ആവശ്യം. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ മുന്‍ എസ്.എഫ്‌.ഐ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതികളായ പൊലീസ് കോണ്‍സ്റ്റബിള്‍ ബറ്റാലിയനിലേക്കു നടന്ന പരീക്ഷയിലാണ് സി.ബി.ഐ അന്വേഷണാവശ്യം ഉയർന്നിരിക്കുന്നത്.

ചോദ്യപേപ്പർ ചോർച്ച ഗൗരവതരമാണെന്ന് വാദത്തിനിടെ കോടതി നിരീക്ഷിച്ചു. കേസ് ഏറ്റെടുക്കുന്നത് സംബന്ധിച്ച് നിലപാട് അറിയിക്കാനാണ് ഹൈക്കോടതി സി.ബി.ഐയ്ക്കും നോട്ടീസ് അയച്ചത്. ചോദ്യപേപ്പർ ചോർച്ച കേസ്‌ അന്വേഷണം ക്രൈം ബ്രാഞ്ച് നല്ല രീതിയിൽ നടത്തുകയാണെന്നും സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്നും സർക്കാർ കോടതിയെ അറിയിച്ചു. പൊതുതാത്പര്യ ഹരജി നൽകിയവർ കായിക ക്ഷമത പരീക്ഷയിൽ പരാജയപ്പെട്ടവർ ആണെന്നും സർക്കാർ അറിയിച്ചു. ഹരജി കോടതി പിന്നീട് പരിഗണിക്കും.