പി.എസ്.സി തട്ടിപ്പ് കേസില്‍ ചോദ്യം ചോര്‍ത്തിയ മറ്റ് പ്രതികള്‍ ഒളിവില്‍ . ക്രൈം ബ്രാഞ്ച് തിരിച്ചറിഞ്ഞതോടെയാണ് യൂണിവേഴ്സിറ്റി കോളേജിലെ വിദ്യാര്‍ത്ഥിയടക്കം ഒളിവില്‍ പോയത്. അതിനിടെ ജയിലില്‍ കഞ്ചാവ് കൈവശം വെച്ചതിന് പി.എസ്.സി തട്ടിപ്പ് കേസിലെ രണ്ടാംപ്രതി നസീമിനെതിരെ കേസെടുത്തു.
പി.എസ്.സി തട്ടിപ്പ് കേസിലെ പ്രതികളായ ശിവരഞ്ജിത്ത്, പ്രണവ് എന്നിവരുടെ ഫോണ്‍ രേഖകള്‍ പരിശോധിച്ചതില്‍ നിന്നാണ് ചോദ്യം ചോര്‍ത്തിയ മറ്റ് പ്രതികളെ ക്രൈംബ്രാഞ്ച് തിരിച്ചറിഞ്ഞത്. യൂണിവേഴ്സിറ്റി കോളേജിലെ വിദ്യാര്‍ത്ഥിയും ഇതില്‍ ഉള്‍പ്പെട്ടിരുന്നു. അന്വേഷണം തങ്ങളിലേക്കാണെന്ന് വ്യക്തമായതോടെയാണ് ചോദ്യം ചോര്‍ത്തിയവര്‍ ഒളിവില്‍ പോയത്. ഒന്നര ആഴ്ചയായി ഇവര്‍ ഒളിവില്‍ തുടരുകയാണ്. പ്രതികളുടെ പേര് പുറത്തുവിടാതെ അറസ്റ്റിലേക്ക് നീങ്ങാനായിരുന്നു ക്രൈംബ്രാഞ്ചിന്റെ നീക്കം. എന്നാല്‍ പൊലീസ് തങ്ങളുടെ മേല്‍വിലാസം തിരക്കുന്നതായി പ്രതികള്‍ക്ക് വിവരം ലഭിച്ചു. അറസ്റ്റിന് ശേഷം പേരുകള്‍ പുറത്തുവിടാമെന്നാണ് ക്രൈംബ്രാഞ്ച് അറിയിച്ചിരുക്കുന്നത്.
അതേസമയം കേസിലെ രണ്ടാംപ്രതി നസീമിനെതിരെ ഒരു എഫ്. ഐ.ആര് കൂടി രജിസ്റ്റര്‍ ചെയ്യപ്പെട്ടു. ജയിലിലേക്ക് കഞ്ചാവ് കടത്തിയതിനും ഉപയോഗിച്ചതിനുമാണ് കേസ്. വസീമിനെ കൂടാതെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ മറ്റ് ആറുപേര്‍ കൂടി ഈ കേസില്‍ പ്രതികളാണ്. ഇതോടെ കഴിഞ്ഞ രണ്ടുമാസത്തിനിടെ നസീമിനെതിരെ രജിസ്റ്റര്‍ ചെയ്യപ്പെടുന്ന ജാമ്യമില്ലാ കേസുകള്‍ മൂന്നായി.