India Kerala

ഒരേ ഗൈഡില്‍ നിന്നുള്ള 80 ചോദ്യങ്ങള്‍; ക്രമക്കേട് നടന്നതിന് തെളിവില്ലെന്ന് പി.എസ്.സി

ഒരു ഗൈഡില്‍ നിന്നുള്ള 80 ചോദ്യങ്ങള്‍ അതേ പടി പകര്‍ത്തിയെന്ന് ആരോപണം ഉയര്‍ന്ന പരീക്ഷ റദ്ദാക്കാതെ റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതടക്കമുള്ള നിയമന നടപടികളുമായി പിഎസ് സി മുന്നോട്ട് പോകും. അസിസ്റ്റന്റ് പബ്ലിക്ക് പ്രോസിക്യൂട്ടര്‍ നിയമനത്തിനുള്ള പരീക്ഷയിലാണ് ക്രമക്കേട് നടന്നതായി ആരോപണം. പരീക്ഷയില്‍ ക്രമക്കേട് നടന്നതിന് തെളിവില്ലെന്നാണ് പി.എസ്.സി വിജലന്‍സിന്റെ അന്വേഷണത്തിലെ കണ്ടെത്തല്‍. പരീക്ഷ നടത്തിപ്പിനെതിരെ ഉദ്യോഗാര്‍ത്ഥികള്‍ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലില്‍ നല്‍കിയ പരാതിയിലും പി.എസ്.സി സമാനമായ നിലപാടാവും സ്വീകരിക്കുക.

2019 ജനുവരിയില്‍ നടന്ന എ.പി.പി നിയമന പരീക്ഷയില്‍ യൂണിവേഴ്സല്‍ ലോ പബ്ലിഷിങ് എന്ന സ്ഥാപനത്തിന്റെ ഗൈഡില്‍ നിന്നുള്ള 80 ചോദ്യങ്ങള്‍ അതേ പടി ആവര്‍ത്തിച്ചുവെന്നായിരുന്നു പരാതി. എന്നാല്‍ പരീക്ഷയ്ക്ക് മുന്‍പ് ഈ പഠന സഹായി ഉദ്യോഗാര്‍ത്ഥികളിലേക്ക് വ്യാപകമായി എത്തിയതിന് തെളിവില്ലെന്നാണ് പി.എസ്.സി നടത്തിയ അന്വേഷണത്തിലെ നിഗമനം. അതിനാല്‍ തന്നെ പുനപരീക്ഷ വേണമെന്ന ഒരു വിഭാഗം ഉദ്യോഗാര്‍ത്ഥികളുടെ ആവശ്യം പി.എസ്.സി തള്ളിയേക്കും.

ഉദ്യോഗാര്‍ത്ഥികള്‍ ട്രിബ്യൂണലില്‍ നല്‍കിയ പരാതിയിലും പി.എസ്. സി ഇക്കാര്യം ചൂണ്ടിക്കാട്ടിയാവും സത്യവാങ്മൂലം സമര്‍പ്പിക്കുക. എന്നാല്‍ പി.എസ്.സി നിലപാട് ദുരൂഹമാണെന്നാണ് പരാതി നല്‍കിയ ഉദ്യോഗാര്‍ത്ഥികളുടെ നിലപാട്. പരീക്ഷ റദ്ദാക്കാതെ പി.എസ്.സി മുന്നോട്ട് നീങ്ങുന്ന സാഹചര്യത്തില്‍ ഹൈക്കോടതിയെ സമീപിക്കാനും ഉദ്യോഗാര്‍ഥികള്‍ ആലോചിക്കുന്നുണ്ട്.