പൗരത്വ നിയമ ഭേദഗതിക്കെതിരെ കേരളത്തില്‍ ഇന്നും പ്രതിഷേധം. കോഴിക്കോട്ടും തിരുവനന്തപുരത്തും വന്‍ ജനക്കൂട്ടമാണ് ഇന്ന് തെരുവിലിറങ്ങിയത്. ഡി.വൈ.എഫ്.ഐ രാജ്ഭവനിലേക്ക് നടത്തിയ മാര്‍ച്ചിന് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. കോഴിക്കോട് അഭിഭാഷകരും മാധ്യമ പ്രവര്‍ത്തകരും മാര്‍ച്ച് നടത്തി. അടിയന്തരവാസ്ഥക്കാലത്ത് ഇല്ലാത്ത അമിതാധികാരമാണ് കേന്ദ്രം കാണിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
രാജ്യമാകെ പടരുന്ന പ്രതിഷേധത്തിനൊപ്പം തന്നെയായിരുന്നു ഇന്നും കേരളം. കോഴിക്കോട്ടാണ് ശക്തമായ പ്രതിഷേധം അരങ്ങേറിയത്. അഭിഭാഷകരും വിദ്യാര്‍ഥികളും സാംസ്കാരിക പ്രവര്‍ത്തകരും നഗരത്തില്‍ പ്രതിഷേധവുമായെത്തി. മാനാഞ്ചിറയില്‍ വിവിധ കോളജുകളിലെ വിദ്യാര്‍ഥികള്‍ സംഗമിച്ചു. ഉച്ചക്ക് ശേഷം അഭിഭാഷകരും വൈകീട്ട് മാധ്യമ പ്രവര്‍ത്തകരും പ്രതിഷേധവുമായി തെരുവിലിറങ്ങി.
കൊച്ചിയില്‍ കെ.എസ്.യു പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു. തിരുവനന്തപുരത്തും കെ.എസ്.യു പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി.
ഡല്‍ഹിയില്‍ ഇടത് നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് പലയിടത്തും പ്രതിഷേധം അരങ്ങേറി. രാജ്ഭവനിലേക്ക് ഡി.വൈ.എഫ്.ഐ നടത്തിയ മാര്‍ച്ചിന് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. കൊല്ലത്ത്ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് ഡി.വൈ.എഫ്.ഐ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി.
ജമാഅത്തെ ഇസ്‍ലാമി കേരള ഘടകം മലപ്പുറത്ത് സംഘടിപ്പിച്ച പരിപാടിയിൽ പ്രതിഷേധമിരമ്പി. സ്ത്രീകളും കുട്ടികളുമടക്കം ആയിരക്കണക്കിന് പേരാണ് പ്രതിഷേധ മാർച്ചിൽ പങ്കെടുത്തത്. ജമാഅത്തെ ഇസ്‍ലാമി ദേശീയ സെക്രട്ടറി ജനറൽ ടി ആരിഫലി പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു
വൈകീട്ട് എസ്.ഡി.പി.ഐയും രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്തി. കാമ്പസ് ഫ്രണ്ട് കോഴിക്കോട് തീവണ്ടി തടഞ്ഞു. സി.പി.ഐ പ്രവര്‍ത്തകര്‍ അമിത് ഷായുടെ കോലം കത്തിച്ചു.