Kerala

അരിക്കൊമ്പന്‍ പ്രശ്‌നത്തില്‍ പ്രതിഷേധം തുടരുന്നു; സിങ്കുകണ്ടത്ത് ഇന്ന് മുതല്‍ രാപകല്‍ സമരം

ഇടുക്കിയിലെ അക്രമകാരിയായ അരിക്കൊമ്പനെ പിടികൂടുന്നത് വിലക്കിയ കോടതി ഉത്തരവിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ആനയുടെ ആക്രമണം പതിവായ സിങ്കുകണ്ടത്ത് ഇന്ന് മുതല്‍ രാപ്പകല്‍ സമരം ആരംഭിക്കും. കൊമ്പനെ പിടികൂടാന്‍ തീരുമാനമാകും വരെയാണ് സമരം.

പൂപ്പാറ കേന്ദ്രീകരിച്ചും ജനസമരം ശക്തമാവുകയാണ്. ജനപ്രതിനിധികളെ ഉള്‍പ്പെടുത്തി ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്ക് ധര്‍ണ നടത്തും. അടുത്ത ദിസങ്ങളില്‍ അരിക്കൊമ്പന്റെ ആക്രമണങ്ങള്‍ക്ക് ഇരകളായവരെ ഉള്‍പ്പെടുത്തിയും സമരം തുടരാനാണ് തീരുമാനം. കോടതി നിയോഗിച്ച വിദഗ്ധ സമിതി നേരിട്ട് പ്രദേശം സന്ദര്‍ശിച്ച് വിലയിരുത്തണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നുണ്ട്.

അരിക്കൊമ്പനെ പിടികൂടാത്തതില്‍ ഇടുക്കിയിലെ 13 പഞ്ചായത്തുകളില്‍ ജനകീയ സമിതി ഇന്നലെ ഹര്‍ത്താല്‍ നടത്തിയിരുന്നു. ചിന്നക്കനാല്‍ പവര്‍ ഹൗസിലും പൂപ്പാറയിലും കൊച്ചി ധനുഷ് കോടി ദേശീയപാത ഉപരോധിക്കുന്നതടക്കമുളള പ്രതിഷേധ പരിപാടികള്‍ നടന്നു. മദപ്പാടുള്ളതിനാല്‍ അരിക്കൊമ്പനെ നിരീക്ഷിക്കാനും ശല്യം തുടര്‍ന്നാല്‍ റേഡിയോ കോളര്‍ ഘടിപ്പിക്കാനുമാണ് കോടതി നിര്‍ദേശം. ദൗത്യ സംഘവും കുങ്കിയാനകളും ചിന്നക്കനാലില്‍ തുടരും.