India Kerala

മുഖ്യമന്ത്രിയുടെ വസതിയിലേക്ക് വിലാപയാത്ര നടത്തി എംപാനൽ ജീവനക്കാർ

കെ.എസ്.ആർ.ടി.സിയിൽ നിന്ന് പിരിച്ച് വിടപ്പെട്ട എംപാനൽ ജീവനക്കാർ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്ക് വിലാപയാത്ര നടത്തി. സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം തുടങ്ങി ഒരു മാസം പിന്നിട്ടിട്ടും സര്‍ക്കാരില്‍ നിന്ന് യാതൊരു അനൂകൂല നിലപാടും ഉണ്ടാകാത്ത പശ്ചാത്തലത്തിലാണ് എംപാനലുകാര്‍ വിലാപയാത്ര നടത്തിയത്.

എംപാനല്‍ കൂട്ടായ്മയുടെ സമരം 39 ദിവസം പിന്നിടുമ്പോഴും യാതൊരു അനുരഞ്ജന നീക്കവും സര്‍ക്കാരില്‍ നിന്ന് ഉണ്ടാവാത്ത പശ്ചാത്തലത്തിലായിരുന്നു വിലാപയാത്ര. ക്ലിഫ് ഹൌസിലേക്ക് നടന്ന വിലാപ യാത്രയില്‍ സെക്രട്ടറിയേറ്റിന് മുമ്പില്‍ സമരം നടത്തുന്ന നൂറു കണക്കിന് എംപാനലുകാര്‍ പങ്കെടുത്തു.

നേരത്തെ സമരക്കാർ എൽ.ഡി.എഫ് കൺവീനറുമായി നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു. അതിന് പിന്നാലെ വനിത എംപാനല്‍ ജീവനക്കാര്‍ സെക്രട്ടറിയേറ്റിന്‍റെയും പ്രസ് ക്ലബിന്‍റേയും മുന്നിലുള്ള മരത്തിന് മുകളില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കിയിരുന്നു. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പശ്ചാത്തലത്തില്‍ സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ഇടപെടുമെന്ന പ്രതീക്ഷ എംപാനലുകാര്‍ക്ക് ഉണ്ടായിരുന്നെങ്കിലും ഓരോ ദിവസവും ആ പ്രതീക്ഷ കുറഞ്ഞ് വരുകയാണ്