Kerala

വി ഡി സതീശനെതിരായ പ്രതിഷേധ പ്രകടനം; ജില്ലാ ഘടകങ്ങളോട് റിപ്പോർട്ട് തേടി ഐഎൻടിയുസി

വി ഡി സതീശനെതിരായ പ്രതിഷേധ പ്രകടനങ്ങളിൽ ജില്ലാ ഘടകങ്ങളോട് റിപ്പോർട്ട് തേടി ഐഎൻടിയുസി. വി ഡി സതീശനെതിരെ തെരുവിലിറങ്ങി പ്രതിഷേധിച്ചത് അച്ചടക്ക ലംഘനമാണെന്നാണ് കെ പി സി സി വിലയിരുത്തൽ. അച്ചടക്ക ലംഘനം നടത്തിയവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ഐഎൻടിയുസിക്ക് നിർദേശം നൽകി. പ്രതിഷേധക്കാരുടെ ഭാഗം കേട്ടശേഷം മാത്രമേ നടപടി സ്വീകരിക്കാവൂ എന്ന് കെപിസിസി നിർദേശിച്ചു.

ദേശീയ ദ്വിദിന പണിമുടക്കിന്റെ പശ്ചാത്തലത്തില്‍ ഐ എന്‍ ടി യു സി കോണ്‍ഗ്രസിന്റെ പോഷക സംഘടനയല്ലെന്ന് വി ഡി സതീശന്‍ പറഞ്ഞതാണ് പ്രശ്‌നങ്ങളുടെ തുടക്കം.സംസ്ഥാനത്ത് ഉടനീളം ഐ എന്‍ ടി യു സിക്കാര്‍ വി ഡി സതീശനെതിരെ രംഗത്തെത്തിയിരുന്നു. തുടർന്ന് ഐഎന്‍ടിയുസിയും, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പോരില്‍ കെ പി സി സി നേതൃത്വം ഇടപെട്ടു. കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ ഐ എന്‍ ടി യു സി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരനുമായി ഇന്നലെ കൂടിക്കാഴ്ച നടത്തിയിരുന്നു .

പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ ഐ എന്‍ ടി യു സി പരസ്യ പ്രതിഷേധത്തിലേക്ക് കടന്ന സാഹചര്യത്തിൽ ചര്‍ച്ച നടത്താന്‍ കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ തന്നെ മുന്‍കൈയെടുക്കുകയായിരുന്നു.

അതേസമയം പോഷക സംഘടന എന്ന സ്റ്റാറ്റസ് അല്ല ഐ എന്‍ ടി യു സിക്കുള്ളത്. കോണ്‍ഗ്രസിന്റെ അഭിവാജ്യ ഘടകമാണ് ഐ എന്‍ ടി യു സി എന്നതില്‍ തര്‍ക്കമില്ലെന്ന് വി ഡി സതീശന്‍ പിന്നീട് പറഞ്ഞിരുന്നു. അവിഭാജ്യ ഘടകവും പോഷക സംഘടനയും തമ്മില്‍ വ്യത്യാസമുണ്ടെന്നും ഐഎന്‍ടിയു സിയെ തള്ളി പറഞ്ഞതല്ലെന്നും അദ്ദേഹം തിരുത്തി പറഞ്ഞിരുന്നു. തനിക്കെതിരെ ഐഎന്‍ടിയുസി നടത്തിയ പരസ്യ പ്രകടനത്തില്‍ പാര്‍ട്ടി തീരുമാനമെടുക്കുമെന്നും സതീശന്‍ പറഞ്ഞിരുന്നു. താനല്ല ആ വിഷയത്തില്‍ തീരുമാനമെടുക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.