സംസ്ഥാനത്ത് സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെയുള്ള പ്രതിഷേധം ഇന്നും തുടരും. വിവിധയിടങ്ങളില്‍ യുഡിഎഫ് പ്രതിഷേധ സദസ്സ് സംഘടിപ്പിക്കും. ഇന്ന് വൈകിട്ട് കോട്ടയത്ത് നടക്കുന്ന കെ റെയില്‍ പ്രതിഷേധ സംഗമം പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഉത്ഘാടനം ചെയ്യും.മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പിജെ ജോസഫ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തുടങ്ങിയ നേതാക്കള്‍ പങ്കെടുക്കും.
സില്‍വര്‍ ലൈന്‍ സമരം വ്യാപകമായ ചെങ്ങന്നൂരില്‍ എല്‍ഡിഎഫ് ഇന്ന് വിശദീകരണ യോഗം നടത്തും. മന്ത്രി സജി ചെറിയാന്‍ അധ്യക്ഷനാകുന്ന പരിപാടി മുന്‍മന്ത്രി തോമസ് ഐസക് ഉദ്ഘാടനം ചെയ്യും. അതിനിടെ സില്‍വര്‍ ലൈന്‍ സമരങ്ങളെ തള്ളി മുഖ്യമന്ത്രി തന്നെ കഴിഞ്ഞ ദിവസം രംഗത്തെത്തി. പദ്ധതിക്ക് മഹാഭൂരിഭാഗം ജനങ്ങളുടെ പിന്തുണയുണ്ടെന്നും എന്ത് വന്നാലും പിന്നോട്ട് പോകില്ലെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
കഴിഞ്ഞ ദിവസങ്ങളില്‍ സില്‍വര്‍ ലൈനെതിരെ വലിയ പ്രതിഷേധങ്ങളുണ്ടായ കൊല്ലത്ത് കല്ലിടല്‍ നടപടിക്രമങ്ങള്‍ താത്ക്കാലികമായി നിര്‍ത്തിവച്ചിരുന്നു. നാട്ടുകാരുടെയും പദ്ധതി വിരുദ്ധ സമിതിയുടെ പ്രതിഷേധത്തെ തുടര്‍ന്നായിരുന്നു ഇത്. ആറാട്ടുകുളം ക്ഷേത്രത്തിനുസമീപം സില്‍വര്‍ലൈന്‍ കല്ലുമായി എത്തിയ വാഹനം പ്രതിഷേധക്കാര്‍ തടയുകയായിരുന്നു.
വിമര്‍ശനങ്ങള്‍ക്കിടയിലും നടപടിക്രമങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതിനെ ശക്തമായി എതിര്‍ക്കുകയാണ് പ്രതിപക്ഷവും. മന്ത്രി സജി ചെറിയാനെതിരേ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് ഇന്നലെ രംഗത്തെത്തി. സജി ചെറിയാന്റെ സമനില തെറ്റിയെന്നും മന്ത്രിക്കായി സില്‍വര്‍ ലൈനിന്റെ ഡിപിആര്‍ തിരുത്തിയെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. സില്‍വര്‍ലൈനില്‍ ശരിക്കും കുടുങ്ങിയത് മന്ത്രിയായിരുന്നു. എല്ലാ ദിവസവും പല്ലും തേക്കാതെ കുളിക്കാതെ ഓരോ വീട്ടിലും കയറി കല്ല് തിരിച്ചടണം എന്ന് പറഞ്ഞ് നടക്കുകയാണ് മന്ത്രിയെന്നും വി.ഡി.സതീശന്‍ പരിഹസിച്ചു.