ഇന്ധന സെസ് ഉൾപ്പടെ ബജറ്റിലെ നികുതി വർധന പിൻവലിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കെതിരായ പ്രതിപക്ഷ പ്രതിഷേധം ഇന്നും തുടരും. യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി ഇന്ന് ക്ലിഫ് ഹൗസിലേക്ക് മാർച്ച് നടത്തും. കളമശേരി പൊലീസ് സ്റ്റേഷൻ മാർച്ച് നടത്തിയ പ്രവർത്തകരെ മർദ്ദിച്ചതിനെതിരെയാണ് പ്രതിഷേധം. കരിങ്കൊടി ഉൾപ്പടെയുള്ള പ്രതിഷേധ പരിപാടികൾ തുടരാനാണ് തീരുമാനം. മുഖ്യമന്ത്രിയുടെ യാത്രയ്ക്കും, പങ്കെടുക്കുന്ന പൊതുപരിപാടികൾക്കും കനത്ത സുരക്ഷയും ഏർപ്പെടുത്തിയിട്ടുണ്ട്.
ഇന്നലെ കണ്ണൂർ അഞ്ചരക്കണ്ടിയിൽ കെഎസ് യു, യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ചിരുന്നു. കാസർഗോട്ടെ പരിപാടികൾ പൂർത്തിയാക്കി മുഖ്യമന്ത്രി രാത്രിയോടെയാണ് കണ്ണൂർ പിണറായിയിലെ വീട്ടിലേക്കെത്തിയത്. ഇന്ന് മട്ടന്നൂർ വിമാനത്താവളം വഴി തിരികെ മടങ്ങി. വീട്ടിൽ നിന്ന് മട്ടന്നൂരിലേക്കുള്ള യാത്രയ്ക്കിടയിലാണ് കരിങ്കൊടി പ്രതിഷേധമുണ്ടായത്. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകുമ്പോൾ വഴിയരകിൽ നിന്നിരുന്ന യൂത്ത് കോൺഗ്രസ്, കെ എസ് യു പ്രവർത്തകർ റോഡിനു മുന്നിലേക്ക് കരിങ്കൊടിയുമായി ചാടി വീഴുകയായിരുന്നു.
സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥ ഇന്ന് കണ്ണൂരിൽ പ്രവേശിക്കും. സംസ്ഥാന സർക്കാരിനുള്ള രക്ഷാകവചമായി ജാഥ മാറുമെന്ന് എം വി ഗോവിന്ദൻ പ്രതികരിച്ചു. പിണറായി വിജയനല്ല, സംസ്ഥാന സർക്കാരിന് വേണ്ടയാണ് രക്ഷാകവചം.അതുകൊണ്ടുതന്നെ ഈ ജാഥ, ബിജെപിക്കും കോൺഗ്രസിനും അസ്വസ്ഥതകളുണ്ടാക്കുന്നുവെന്നും പാർട്ടി സെക്രട്ടറി പറഞ്ഞു.
മുഖ്യമന്ത്രിയ്‌ക്കെതിരെ സമരം ശക്തമാക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ അറിയിച്ചു. താനുൾപ്പെടെ തെരുവിലിറങ്ങി സമരം ചെയ്യും മുഖ്യമന്ത്രിക്ക് വീട്ടിലിരിക്കേണ്ടി വരും. കളമശേരിയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ചവർക്കെതിരെ ശക്തമായ നടപടി വേണമെന്നും വിഡി സതീശൻ ആവശ്യപ്പെട്ടു. നികുതിക്കൊള്ളയ്‌ക്കെതിരായ സമരം ഇതോടെ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു മർദ്ദനം.
പ്രതിപക്ഷത്തിന് സത്യഗ്രഹം മാത്രമെ അറിയൂവെന്ന് പറഞ്ഞ മുഖ്യമന്ത്രി ഇപ്പോൾ ആയിരം പൊലീസുകാരുടെ അകമ്പടിയോടെയാണ് പുറത്തിറങ്ങുന്നത്. സമരം ചെയ്ത യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അതിക്രൂരമായാണ് പൊലീസ് ആക്രമിച്ചത്. ഒരു പ്രകോപനവും ഇല്ലാതെ നൂറ്റി അൻപതോളം പൊലീസുകാർ പ്രവർത്തകരെ പിന്നിൽ നിന്നും ആക്രമിക്കുകയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.