Kerala National

മെഡിക്കല്‍ കമ്മീഷന്‍ ബില്ല് കത്തിച്ച് വിദ്യാര്‍ഥികളുടെ പ്രതിഷേധം

മെഡിക്കല്‍ കമ്മീഷന്‍ ബില്ലിനെതിരെ ഡോക്ടര്‍മാരുടെയും മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെയും രാജ്യവ്യാപക പ്രതിഷേധം തുടരുന്നു. രാജ്ഭവനിലേയ്ക്ക് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ മാര്‍ച്ച് നടത്തി. വിദ്യാര്‍ഥികളുടെ അനിശ്ചിതകാല നിരാഹാര സമരത്തിന് പിന്തുണയുമായി ഡോക്ടര്‍മാരും നിരാഹാര സമരം ആരംഭിച്ചു.

രാജ്ഭവന് മുന്നില്‍ മെഡിക്കല്‍ സ്റ്റുഡന്റ്‌സ് നെറ്റ്വര്‍ക്കിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ കമ്മീഷന്‍ ബില്ല് പ്രതീകാത്മകമായി കത്തിച്ചു. തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ പ്രകടനമായെത്തി രാജ്ഭവനിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചെങ്കിലും പൊലീസ് തടഞ്ഞു. ബില്ലിനെതിരെ ഏതറ്റവരെയും പ്രതിഷേധം നടത്തുമെന്ന് വിദ്യാര്‍ത്ഥികള്‍ വ്യക്തമാക്കി.

അനിശ്ചിതകാല നിരാഹാര സമരം നടത്തുന്ന അഞ്ച് വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി മൂന്ന് ഡോക്ടര്‍മാരും നിരാഹാര സമരം ആരംഭിച്ചു. ബില്ലിനെതിരെ ശക്തമായ തുടര്‍ സമരങ്ങള്‍ നടത്താനാണ് ഐ.എം.എയുടെയും മറ്റ് സംഘടനകളുടെയും തീരുമാനം.