India Kerala

കർദ്ദിനാളിനെതിരെ വൈദികരുടെ പ്രതിഷേധം തുടരുന്നു; ആലഞ്ചേരി ഇന്ന് വിശ്വാസികളെ അഭിസംബോധന ചെയ്യും

കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയെ അംഗീകരിക്കില്ലെന്ന് വൈദിക സമിതി പ്രഖ്യാപിച്ചതോടെ എറണാകുളം അങ്കമാലി അതിരൂപതയിൽ പ്രതിസന്ധി രൂക്ഷമാക്കുകയാണ്. കർദ്ദിനാളിനെതിരെ പ്രമേയം പള്ളികളിൽ വായിക്കുമെന്ന് വൈദിക സമിതിയുടെ തീരുമാനവും സംഘർഷ സാധ്യതയിലേക്കാണ് വിരൽ ചൂണ്ടുന്നത്. അതിനിടെ സഭാ ദിനത്തിന്റെ ഭാഗമായി ഇന്ന് കർദ്ദിനാൾ വിശ്വാസി സമൂഹത്തെ അഭിസംബോധന ചെയ്യും.

കർദ്ദിനാളിനെതിരായ പ്രതിഷേധം അവസാനിപ്പിക്കില്ല എന്ന തീരുമാനം ഒന്നുകൂടി പ്രഖ്യാപിച്ചാണ് കഴിഞ്ഞ ദിവസം കൊച്ചിയിൽ ചേർന്ന വെദിക സമിതി അവസാനിച്ചത് . വത്തിക്കാന്റെ നടപടികൾ അതിരൂപത വളച്ചൊടിച്ചതാണെന്ന നിലപാടാണ് ഇപ്പോഴും വൈദിക സമിതി തുടരുന്നത്. കർദിനാളിന് അനുകൂലമായ ഉത്തരവിനെ വിശദീകരിച്ചു കൊണ്ട് സീറോ മലബാർ സഭ തന്നെ രംഗത്തു വന്നെങ്കിലും തൊട്ടടുത്ത ദിവസം തന്നെ വൈദിക സമിതി ഇതിനെ പൂർണമായി തളളിയാണ് യോഗം ചേർന്ന് മറുപടിയും നലകിയത്.

അതിരൂപതയിൽ ആലഞ്ചേരിയുടെ ഭരണം അനുവദിക്കാനാകില്ലെന്ന നിലപാടിൽ വൈദികർ ഉറച്ചു നിന്നാൽ വരുന്ന നാളുകളിൽ പ്രതിസന്ധി രൂക്ഷമാവാനാണ് സാധ്യത. അതേ സമയം വിശ്വാസി സമൂഹത്തിൽ ഒരു വിഭാഗത്തിന്റെ പിന്തുണ ആർജികാനും വിമതപക്ഷത്തിന് സാധിച്ചിട്ടുണ്ട്. വൈദിക സമിതിയുടെ പ്രമേയം വത്തിക്കാനിലേക്ക് അയക്കാനാണ് വിമതപക്ഷത്തിന്റെ തീരുമാനം. അതേസമയം സഭാദിനത്തിന്റെ ഭാഗമായി ഇന്ന് സെന്റ് തോമസ് മൗണ്ടിൽ ഉച്ചക്ക് ശേഷം കർദിനാൾ മാർ ജോർജ് ആലഞ്ചേരി വിശ്വാസി സമൂഹത്തെ അഭിസംബോധന ചെയ്യും.