Kerala

നടിയെ ആക്രമിച്ച കേസിൽ പ്രോസിക്യൂഷൻ ഹാജരാക്കുന്നത് പഴയ രേഖകൾ; അഡ്വ ബി രാമൻപിള്ള

നടിയെ ആക്രമിച്ച കേസിൽ പ്രോസിക്യൂഷൻ ഹാജരാക്കുന്നത് പഴയ രേഖകളെന്ന് ദിലീപിന്റെ അഭിഭാഷകൻ അഡ്വ ബി രാമൻപിള്ള. ദാസനെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന ആരോപണം കളവെന്ന് അദ്ദേഹം പറഞ്ഞു. കൊവിഡ് ബാധിതനായിരുന്ന ദിവസം ദാസനെ കണ്ടെന്നാണ് പ്രോസിക്യൂഷൻ വാദം. വിപിൻ ലാലിന് അയച്ച ഭീഷണിക്കത്ത് പൊലീസ് സൃഷ്‌ടിച്ചതാണ്. കത്ത് കൃത്രിമമായി സൃഷ്‌ടിച്ചതിന് പിന്നിൽ അന്വേഷണ എജൻസികളെന്നും പ്രതിഭാഗം വ്യക്തമാക്കി.

ദിലീപ് സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന പ്രോസിക്യൂഷൻ ആരോപണം തെറ്റാണെന്ന് പ്രതിഭാഗം വാദിച്ചു. ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷൻ ഹാജരാക്കുന്നത് പഴയ രേഖകളാണെന്നാണ് പ്രതിഭാഗത്തിന്റെ വാദം. ദിലീപിന്റെ വീട്ടുജോലിക്കാരൻ ദാസനെ സ്വാധീനിക്കാൻ ശ്രമിച്ചെന്നത് കളവാണെന്നും പ്രതിഭാഗം കോടതിയിൽ നിലപാടെടുത്തു. ഹ൪ജി വരുന്ന ചൊവ്വാഴ്ച പരിഗണിക്കാനായി മാറ്റി.

നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ കേസിലെ എട്ടാം പ്രതിയായ ദിലീപിന്‍റെ കൈവശമുണ്ടെന്ന് തെളിയിക്കാനുള്ള വാദങ്ങളാണ് വിചാരണ കോടതിയിൽ നേരത്തെ പ്രോസിക്യൂഷൻ ഉന്നയിച്ചത്. ഇതിനായി ഫൊറൻസിക് ലാബിലെ ദൃശ്യങ്ങളുടെ ശബ്ദരേഖ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ വിചാരണ കോടതിയിൽ കഴിഞ്ഞ ദിവസം അപേക്ഷ നൽകിയിരുന്നു. ദിലീപിന്റെ സഹോദരൻ അനൂപിന്‍റെ ഫോണിൽ നിന്ന് ലഭിച്ച തെളിവുകളുമായി ഒത്തുനോക്കിയാൽ കൂടുതൽ കാര്യങ്ങളിൽ വ്യക്തത ലഭിക്കുമെന്നാണ് പ്രോസിക്യൂഷൻ നിലപാട്.