India Kerala

പ്രതികള്‍ക്ക് ശിക്ഷ എന്തായാലും എന്നെ അത് ബാധിക്കുന്നേയില്ല, ശിക്ഷ ഇരയ്ക്ക് കിട്ടുന്ന നീതിയല്ല: പ്രഫ. ടി ജെ ജോസഫ്


കൈവെട്ട് കേസിലെ പ്രതികള്‍ക്ക് ശിക്ഷ വിധിച്ചതിന് പിന്നാലെ പ്രതികരണവുമായി പ്രഫ. ടി ജെ ജോസഫ്. പ്രതികള്‍ക്ക് കിട്ടുന്ന ശിക്ഷ ഇരയ്ക്ക് കിട്ടുന്ന നീതിയല്ലെന്ന് ടി ജെ ജോസഫ് ആവര്‍ത്തിച്ചു. പ്രതികള്‍ക്ക് എന്ത് ശിക്ഷ കിട്ടിയാലും അത് തന്നെ ബാധിക്കുന്നില്ലെന്ന് ടി ജെ ജോസഫ് പറഞ്ഞു. ശിക്ഷ കൂടിപ്പോയോ കുറഞ്ഞുപോയോ എന്നതൊക്കെ നിയമപണ്ഡിതന്മാര്‍ ചര്‍ച്ച ചെയ്യട്ടേയെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. 

കേസില്‍ സാക്ഷി പറയുക എന്നത് മാത്രമായിരുന്നു തന്റെ ഉത്തരവാദിത്വമെന്ന് ടി ജെ ജോസഫ് പറയുന്നു. വിധി അറിഞ്ഞപ്പോള്‍ ഒരു കൗതുകം ശമിച്ചു എന്നതല്ലാതെ ഇതില്‍ എനിക്ക് മറ്റ് വികാരഭേദങ്ങള്‍ ഒന്നും തന്നെയില്ല. കേസ് തീവ്രവാദം എന്ന നിലയിലാണ് കോടതി കൈകാര്യം ചെയ്തതെന്നാണ് മനസിലാക്കുന്നത്. പ്രതികളെ ശിക്ഷിക്കുന്നത് കൊണ്ട് രാജ്യത്തെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ശമനമുണ്ടാകുമോ ഇല്ലയോ എന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിശകലനം ചെയ്യട്ടേ. ലോകത്തുനിന്ന് അന്ധവിശ്വാസങ്ങള്‍ നീങ്ങി ആധുനികമായ ഒരു ലോകം ഉണ്ടാകാന്‍ ആഗ്രഹിക്കുന്നുവെന്നേ ഈ അവസരത്തില്‍ പറയാന്‍ സാധിക്കൂ. ശാസ്ത്രാവബോധം ഉള്‍ക്കൊണ്ട് മാനവികതയില്‍ പുലരുന്ന വിശ്വപൗരന്മാരായി മനുഷ്യര്‍ മാറട്ടേ എന്ന് ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേസിലെ മൂന്ന് പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷയാണ് കോടതി വിധിച്ചത്. ണ്ടാം പ്രതി സജില്‍, മൂന്നാം പ്രതി എം കെ നാസര്‍, അഞ്ചാം പ്രതി നജീബ് എന്നിവര്‍ക്കാണ് ജീവപര്യന്തം ശിക്ഷ വിധിച്ചിരിക്കുന്നത്. മൂന്ന് പ്രതികളും 50,000 രൂപ പിഴയും അടയ്ക്കണം. പ്രതികള്‍ക്കെതിരെ യുഎപിഎ കുറ്റം നിലനില്‍ക്കുമെന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്. കൊച്ചിയിലെ എന്‍ഐഐ കോടതിയാണ് കേസില്‍ വിധി പറഞ്ഞിരിക്കുന്നത്.

സജില്‍ കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്തയാളെന്നും മൂന്നാം പ്രതി നാസറാണ് കൈവെട്ടിയ സംഭവത്തിന്റെ മുഖ്യ സൂത്രധാരനെന്നും കോടതി കണ്ടെത്തി. കേസിലെ 9,11,12 പ്രതികളായ നൗഷാദും മൊയ്തീന്‍ കുഞ്ഞും അയൂബും മൂന്ന് വര്‍ഷം വീതം തടവ് ശിക്ഷ അനുഭവിക്കണം.