Kerala

താരങ്ങളുടെ പ്രതിഫലം കുറയ്ക്കണമെന്ന ആവശ്യം വീണ്ടും ഉന്നയിച്ച് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍

താരങ്ങളുടെ പ്രതിഫലം കുറയ്ക്കണമെന്ന ആവശ്യം വീണ്ടും ഉന്നയിച്ച് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍. ലോക്ക് ഡൗണിന് ശേഷമുള്ള കരാറുകളില്‍ ചില അഭിനേതാക്കള്‍ പ്രതിഫലം കുറയ്ക്കാന്‍ തയാറാകാത്തതിനാലാണ് നിര്‍മാതാക്കളുടെ നടപടി. തിയറ്ററുകള്‍ തുറന്നാലും വിനോദനികുതി ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സര്‍ക്കാര്‍ നിലാപാട് മാറ്റാതെ റിലീസ് വേണ്ടെന്നാണ് സംഘടന തീരുമാനം.

ലോക്ക്ഡൗണിനെ തുടര്‍ന്ന് സിനിമ മേഖല പ്രതിസന്ധിയിലായതോടെയാണ് പ്രതിഫലം കുറയ്ക്കണമെന്ന ആവശ്യവുമായി നിര്‍മാതാക്കള്‍ രംഗത്തെത്തിയത്. സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്കയും താരസംഘടനയായ അമ്മയും ആവശ്യത്തോട് അനുഭാവപൂര്‍വമാണ് പ്രതികരിച്ചത്. അഭിനേതാക്കള്‍ പ്രതിഫലം കുറയ്ക്കണമെന്ന് അമ്മ അംഗങ്ങളോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ചില പുതുമുഖ താരങ്ങള്‍ ധാരണക്ക് വിരുദ്ധമായി പഴയ പ്രതിഫലമോ അതില്‍ കൂടുതലോ ആവശ്യപ്പെട്ടതോടെയാണ് നിര്‍മാതാക്കള്‍ നിലപാട് കടുപ്പിച്ചത്.

ഇന്ന് ചേര്‍ന്ന സംഘടന യോഗത്തില്‍ ചില കരാറുകള്‍ക്ക് അനുമതി നല്‍കിയില്ല. പ്രതിഫലത്തിന്റെ കാര്യത്തില്‍ വിട്ടുവീഴ്ച ഇല്ലാതെ പ്രൊജക്ടുകള്‍ ആരംഭിക്കേണ്ടെന്നാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ നിര്‍ദേശം. വിനോദ നികുതിയില്‍ ഇളവ് വേണമെന്ന ആവശ്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അനുകൂല നിലപാട് എടുക്കാത്തതിനാല്‍ തിയറ്റര്‍ തുറന്നാലും ഉടന്‍ റിലീസ് വേണ്ടെന്നാണ് നിര്‍മാതാക്കളുടെ തീരുമാനം.

കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് തിയറ്റര്‍ തുറന്നാലും പ്രേഷകര്‍ കുറഞ്ഞേക്കാം. പല മേഖലകള്‍ക്കും പാക്കേജുകള്‍ പ്രഖ്യാപിച്ചപ്പോള്‍ സിനിമയെ സര്‍ക്കാര്‍ അവഗണിച്ചെന്ന് നിര്‍മാതാക്കള്‍ക്ക് പരാതിയുണ്ട്.