Kerala

പ്രവീൺ റാണയുടെ സ്വത്ത് കണ്ടുകെട്ടാൻ നടപടി തുടങ്ങി പൊലീസ്

സേഫ് ആന്റ് സ്‌ട്രോങ്ങ് നിക്ഷേപ തട്ടിപ്പ് കേസിൽ പ്രവീൺ റാണയുടെ സ്വത്ത് കണ്ടുകെട്ടാൻ നടപടി തുടങ്ങി പോലീസ്. നിക്ഷേപം വിദേശത്തേക്ക് കടത്തിയിട്ടുണ്ടോ എന്നും അന്വേഷിക്കും. കേസിൽ കൂടുതൽ ആളുകൾ പ്രതിയാകാൻ സാധ്യതയുണ്ട്. തൃശ്ശൂരിൽ നിന്ന് വിവരങ്ങളുമായി സുർജിത്ത് അയ്യപ്പത്ത് തൽസമയം ചേരുന്നു.

തൃശൂർ സേഫ് ആൻഡ് സ്‌ട്രോങ്ങ് നിക്ഷേപ തട്ടിപ്പ് കേസിൽ പ്രതി പ്രവീൺ റാണയ്ക്കായി അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ് പൊലീസ്. പ്രവീൺ റാണയെ ഒളിവിൽ കഴിയാൻ സഹായിക്കുന്നവരെ പ്രതി ചേർക്കാനുള്ള നീക്കമാണ് പൊലീസ് നടത്തുന്നത്. പ്രവീൺ റാണ മുൻകൂർജാമ്യത്തിനായുള്ള നീക്കം തുടങ്ങിയെന്നാണ് വിവരം. പരാതി പിൻവലിക്കാൻ ഇടനിലക്കാരെ ഉപയോഗിച്ച് സമ്മർദം ചെലുത്തുന്നതായും വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്. താൻ ജയിലിലായാൽ പണം തിരികെ ലഭിക്കില്ലെന്ന് പറഞ്ഞ് സമ്മർദ്ദത്തിലാക്കി കേസ് പിൻവലിക്കാനാണ് പ്രവീൺറാണയുടെ നീക്കം.

ഇയാൾ സംസ്ഥാനം വിട്ടിട്ടില്ലെന്ന സൂചനയാണ് പൊലീസിനുള്ളത്. ഇതിൻറെ അടിസ്ഥാനത്തിൽ മധ്യകേരളത്തിലെ ജില്ലകൾ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം.

അതേസമയം തൃശൂർ ജില്ലയിൽ മാത്രം നിക്ഷേപതട്ടിപ്പുമായി ബന്ധപ്പെട്ട് ഇതുവരെ 24 പരാതികൾ ലഭിച്ചിട്ടുണ്ട്.