Kerala

ലവ് ജിഹാദിനെപ്പറ്റി യോഗി മാത്രമല്ല, എൽ.ഡി.എഫും സംസാരിക്കുന്നു – പ്രിയങ്ക ഗാന്ധി

ലവ് ജിഹാദിനെപ്പറ്റി ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മാത്രമല്ല, എൽ.ഡി.എഫിലെ ഒരു കക്ഷിനേതാവും സംസാരിക്കുന്നുവെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. യു.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രചരണത്തിനായി കേരളത്തിലെത്തിയ പ്രിയങ്ക കായംകുളത്തെ സ്ഥാനാർത്ഥി അരിത ബാബുവിനൊപ്പം റോഡ് ഷോയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു. യു.പി സർക്കാർ ഹാഥ്‌റസ് കേസ് കൈകാര്യം ചെയ്തതു പോലെയാണ് കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ വാളയാർ കേസ് കൈകാര്യം ചെയ്തത്. കേരളത്തിലെ തെരഞ്ഞെടുപ്പ് രാജ്യം ഉറ്റുനോക്കുകയാണെന്നും കേരള ജനത ആരെയാണ് തെരഞ്ഞെടുക്കുക എന്നറിയാൻ ഇന്ത്യക്ക് ആകാംക്ഷയുണ്ടെന്നും പ്രിയങ്ക പറഞ്ഞു.

കേരള മുഖ്യമന്ത്രിയും ഗവണ്‍മെന്‍റും വിദേശത്തുള്ള സ്വർണത്തിന് പിന്നാലെയാണ്. കേരളത്തിലെ യഥാർഥ സ്വർണം ഇവിടുത്തെ ജനങ്ങളാണ്. കോർപ്പറേറ്റ് മാനിഫെസ്റ്റോയിലാണ് പിണറായി സർക്കാറിന് താത്പര്യം. സിപിഎമ്മിന്‍റേത് അക്രമരാഷ്ട്രീയവും ബിജെപിയുടേത് വിഭജന രാഷ്ട്രീയവും എന്നാല്‍ കോണ്‍ഗ്രസിന്‍റേത് വികസനാത്മക രാഷ്ട്രീയവുമാണെന്ന് പ്രിയങ്ക വ്യക്തമാക്കി.

ഹാഥ്റസ് കേസ് യു.പി സർക്കാർ കൈകാര്യം ചെയ്തപോലെയാണ് വാളയാർ കേസ് എല്‍.ഡി.എഫ് സർക്കാർ കൈകാര്യം ചെയ്തത്. സ്ത്രീകളെ സംരക്ഷിക്കുമെന്ന് നമ്മള്‍ കരുതുന്ന ഒരു സംസ്ഥാനത്ത് ഇങ്ങനെയുള്ള ഭരണമാണോ വേണ്ടത്. ലവ് ജിഹാദിനെപ്പറ്റി യു.പി മുഖ്യമന്ത്രി മാത്രമല്ല, എല്‍.ഡി.എഫ് ഘടകകക്ഷി നേതാവും സംസാരിക്കുന്നു – പ്രിയങ്ക പറഞ്ഞു.

അഴിമതിയെ പറ്റി ചോദിക്കുമ്പോള്‍ മുഖ്യമന്ത്രിക്ക് ഒന്നും അറിയില്ലെന്ന് പറയുന്നു. അദ്ദേഹത്തിന്‍റെ മൂക്കിന് താഴെ നടക്കുന്ന കാര്യങ്ങളെപ്പറ്റി അദ്ദേഹം അറിയുന്നില്ലെന്നും പ്രിയങ്ക ഗാന്ധി വിമര്‍ശിച്ചു.

പിണറായി സര്‍ക്കാര്‍ പ്രകൃതി ദുരന്തത്തിനുള്ള സഹായത്തില്‍ പോലും വിവേചനം കാണിച്ചു. മത്സ്യത്തൊഴിലാളികളുടെ സമ്പത്ത് 5000 കോടിക്ക് വില്‍ക്കാന്‍ ശ്രമിച്ചു. സർക്കാറിന് ആവശ്യമുള്ളവരെ മാത്രം ജോലിക്ക് നിയമിച്ചെന്നും പ്രിയങ്ക ആരോപിച്ചു.

അരിത ബാബു കേരളത്തിലെ ഏറ്റവും പ്രായംകുറഞ്ഞ സ്ഥാനാർഥികളിലൊരാളാണെങ്കിലും ധൈര്യത്തിൽ മുന്നിലാണെന്ന്​ പ്രിയങ്ക പറഞ്ഞു. പ്രതിസന്ധികളെ തോൽപ്പിച്ച് കടന്നു വന്ന അരിത ബാബുവിനെക്കുറിച്ച് അഭിമാനമുണ്ടെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു. ഒരു മണിക്കൂറോളം നീണ്ട റോഡ്​ഷോ യു.ഡി.എഫ്​ കേന്ദ്രങ്ങള്‍ക്ക് ആവേശം പകരുന്നതായിരുന്നു.

രണ്ടു ദിവസത്തെ പ്രചാരണ പരിപാടികള്‍ക്കാണ് പ്രിയങ്ക ഗാന്ധി കേരളത്തിലെത്തിയത്. ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലായാണ് ​പ്രിയങ്കയുടെ പ്രചാരണ പരിപാടികള്‍ നടക്കുക.