ഉത്തർപ്രദേശ് ലളിത്പൂരിൽ മരിച്ച കർഷകരുടെ കുടുംബങ്ങളെ സന്ദർശിച്ച് എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. രാസവളം വാങ്ങാൻ വരി നിന്ന് തളർന്ന് വീണ് മരിച്ച നാല് കർഷകരുടെ കുടുംബങ്ങളെയാണ് പ്രിയങ്ക സന്ദർശിച്ചത്. കർഷകർക്ക് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്ത പ്രിയങ്ക ബുന്ദേൽഖണ്ഡ് മേഖലയിൽ കടുത്ത രാസവളക്ഷാമം നേരിടുകയാണെന്നും പറഞ്ഞു.
കഴിഞ്ഞ ദിവസം ലഖ്‌നൗവിലെ ചാർബാഗ് റെയിൽവേ സ്റ്റേഷനിൽ പോർട്ടർമാരുമായും പ്രിയങ്ക ആശയവിനിമയം നടത്തിയിരുന്നു. പോർട്ടർമാരുടെ ഉപജീവനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെക്കുറിച്ചും കൊവിഡ് വരുത്തിയ സാമ്പത്തിക ആഘാതത്തെക്കുറിച്ചും ചോദിച്ചറിഞ്ഞു. നേരത്തെ പ്രതിജ്ഞ യാത്രയുടെ ഭാഗമായി കർഷക സ്ത്രീകളുമായി പ്രിയങ്ക കൂടിക്കാഴ്ച നടത്തിയിരുന്നു.
യുപിയില്‍ അധികാരത്തിലെത്തിയാൽ ജനങ്ങൾക്ക് 10 ലക്ഷം രൂപയുടെ സൗജന്യ ചികിത്സയും ആരോഗ്യ പരിരക്ഷയും ഉള്‍പ്പെടെ നിരവധി വാഗ്ദാനങ്ങളുമായി കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. കർഷകരുടെ കടം എഴുതിതള്ളുമെന്നും 20 ലക്ഷം വരെ തൊഴിൽ സൃഷ്ടിക്കുമെന്നും നേരത്തെ പ്രഖ്യാപിച്ചിരുന്നു.