India Kerala

ലോക്സഭ തെരഞ്ഞെടുപ്പ് ചർച്ചകളിൽ സജീവമായി പ്രിയങ്ക ഗാന്ധി

എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ചുമതല ഏറ്റെടുക്കും മുൻപ് തന്നെ ലോക്സഭ തെരഞ്ഞെടുപ്പ് ചർച്ചകളിൽ സജീവമായി പ്രിയങ്ക ഗാന്ധി. ഉത്തര്‍പ്രദേശിന്റെ തെരഞ്ഞെടുപ്പ് പ്രചരണ ഒരുക്കങ്ങൾ ചർച്ച ചെയ്യാൻ രാഹുൽ ഗാന്ധി വിളിച്ച യോഗത്തിൽ പ്രിയങ്ക പങ്കെടുത്തു. നാളെ നടക്കുന്ന എ.ഐ.സി.സി ജനറൽ സെക്രട്ടറിമാരുടെ യോഗത്തിന് മുന്നോടിയായി പ്രിയങ്ക ഔദ്യോഗികമായി ചുമതല ഏറ്റെടുക്കും.

രാഷ്ട്രീയ പ്രവേശം സംബന്ധിച്ച എ.ഐ.സി.സി ഒദ്യോഗിക പ്രഖ്യാപന സമയത്ത് വിദേശത്തായിരുന്ന പ്രിയങ്ക ഗാന്ധി തിങ്കളാഴ്ചയാണ് ഡല്‍ഹിയില്‍ തിരിച്ചെത്തിയത്. അന്നു തന്നെ ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് ഒരുക്കം സംബന്ധിച്ച് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, സംഘടനകാര്യ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍, പടിഞ്ഞാറന്‍ യു.പിയുടെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ജോതിരാദിത്യ സിന്ധ്യ എന്നിവരുമായി കൂടിക്കാഴ്ച നടത്തി.

അതിന് ശേഷമാണ് ഇന്നലെ രാത്രി കിഴക്കൻ ഉത്തർ പ്രദേശിലെ തെരഞ്ഞെടുപ്പ് പ്രചരണ തന്ത്രങ്ങൾ ചർച്ച ചെയ്യാൻ കോൺഗ്രസ്സ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ വസതിയിൽ യോഗം ചേര്‍ന്നത്. പ്രിയങ്ക ഗാന്ധിയും ജോതിരാദിത്യ സിന്ധ്യും പ്രദേശ് കോൺഗ്രസ്സ് കമ്മറ്റി നേതാക്കളും പങ്കെടുത്തു. പ്രചരണ പ്രവർത്തനങ്ങൾ എങ്ങനെയായിരിക്കണം, പ്രിയങ്കയുടെ രാഷ്ട്രീയ പ്രവേശം ഏത് തരത്തിൽ അഘോഷമാക്കണം തുടങ്ങിയ കാര്യങ്ങൾ യോഗത്തിൽ ചർച്ചയായി.

ലോക്സഭ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്താന്‍ നാളെ എഐസിസി ജനറൽ സെക്രട്ടറിമാരുടെ യോഗം രാഹുൽ ഗാന്ധി വിളിച്ച് ചേർത്തിട്ടുണ്ട്. യോഗം ആരംഭിക്കുന്നതിനു മുന്‍പായി പ്രിയങ്ക ഗാന്ധി ചുമതല ഒദ്യോഗികമായി ഏറ്റെടുക്കും. സ്ഥാനമേറ്റെടുക്കുന്നതിനുള്ള ഒരുക്കങ്ങളെല്ലാം കോണ്‍ഗ്രസ് ആസ്ഥാനത്ത് പൂര്‍ത്തിയായി. കോണ്‍ഗ്രസ് ആസ്ഥാനത്ത് പ്രിയങ്കക്ക് പ്രത്യേക മുറി അനുവദിച്ചു. ഡല്‍ഹിയില്‍ ചുതലയേറ്റെടുത്ത ശേഷം പ്രിയങ്ക പ്രയാഗ് രാജില്‍ കുംഭ മേളയുടെ ഭാഗമായുള്ള ഗംഗാ സ്നാനം നടത്തും. 10ന് ലഖ്നൌവില്‍ റാലിയില്‍ പങ്കെടുക്കും.