Kerala

ആ ഗുണ്ടകള്‍ ബിജെപിക്കാര്‍, എന്നിട്ട് അമിത് ഷാ പൊള്ളയായ വാഗ്ദാനം നല്‍കുന്നു: പ്രിയങ്ക ഗാന്ധി

കന്യാസ്​ത്രീകൾക്കെതിരായ സംഘ്​പരിവാർ ആക്രമണത്തിൽ വിമർശനവുമായി കോൺഗ്രസ് ജനറൽ സെക്രട്ടറി​ നേതാവ്​ പ്രിയങ്ക ഗാന്ധി. പ്രിയങ്ക ഗാന്ധിയുടെ ട്വീറ്റ്-

”ട്രെയിനിൽ യാത്ര ചെയ്യുന്ന യുവതികളെ ആക്രമിക്കാനും വിവരങ്ങൾ ആവശ്യപ്പെടാനും ഈ ഗുണ്ടകളെ പ്രാപ്തരാക്കുന്ന സർക്കാരിനെ ഏത് രാഷ്ട്രീയ പാർട്ടിയാണ് നയിക്കുന്നത്?

ബിജെപി

ഈ ഗുണ്ടകൾ ഏത് രാഷ്ട്രീയ പാർട്ടിയെയാണ്​ പ്രതിനിധീകരിക്കുന്നത്​?

ബിജെപി

അവരിൽ ചിലർ ഏത് പാർട്ടിയുടെ വിദ്യാർഥി സംഘടനയുടെ ഭാഗമാണ്?

ബിജെപി

എന്നിട്ട് കേരളത്തിൽ തെരഞ്ഞെടുപ്പ്​ നടക്കുന്നതിനാല്‍ അമിത്​ ഷാ കന്യാസ്​ത്രീകളെ സംരക്ഷിക്കു​മെന്ന്​ പൊള്ളയായ വാഗ്​ദാനം നൽകുന്നു”

ഒ​രു മ​ല​യാ​ളി​യ​ട​ക്കം നാ​ല് ക​ന്യാ​സ്​​ത്രീ​ക​ളെ ഡ​ൽ​ഹി നി​സാ​മു​ദ്ദീ​ൻ ​റെയില്‍വേ സ്റ്റേഷനില്‍ വെച്ചാണ് ഒരു സംഘം ആക്രമിച്ചത്. യുവതികളെ മതം മാറ്റാന്‍ കൊണ്ടുപോകുന്നു എന്ന് ആരോപിച്ചാണ് കന്യാസ്ത്രീകളെ ഒരു സംഘം ഹിന്ദുത്വ തീവ്രവാദികള്‍ ട്രെയിനില്‍ വെച്ച് ഭീഷണിപ്പെടുത്തുകയും യാത്രക്കിടെ പുറത്താക്കുകയും ചെയ്തത്. ബജ്‍രംഗദള്‍ പ്രവര്‍ത്തകരാണ് ആക്രമിച്ചതെന്നാണ് ആദ്യം വന്ന റിപ്പോര്‍ട്ട്. എന്നാല്‍ കന്യാസ്ത്രീകളെ അക്രമിച്ചതിന് പിന്നില്‍ എബിവിപി പ്രവര്‍ത്തകരാണെന്ന് റെയില്‍വേ സൂപ്രണ്ട് വ്യക്തമാക്കി. ഋഷികേശിലെ സ്റ്റഡി ക്യാമ്പ് കഴിഞ്ഞ് മടങ്ങുകയായിരുന്നു ഇവര്‍.

അക്രമത്തിന് പിന്നിലുള്ളവരെ വൈകാതെ തന്നെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് കേരളത്തിലെ ജനങ്ങള്‍ക്ക് വാക്ക് തരുന്നതായി അമിത് ഷാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പറയുകയുണ്ടായി. സംഭവത്തില്‍ നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആഭ്യന്തര മന്ത്രിയോടും പ്രധാനമന്ത്രിയോടും ആവശ്യപ്പെട്ടിരുന്നു.