ഇരട്ടി ചാർജ് വർധന ആവശ്യപ്പെട്ടിട്ടും 50 ശതമാനം വർധന മാത്രമാണ് സർക്കാർ ഏർപ്പെടുത്തിയതെന്നും ബസുടമകൾ
സര്‍ക്കാര്‍ പ്രഖ്യാപിച്ച നിരക്കിലാണെങ്കില്‍ നാളെ മുതല്‍ സര്‍വീസ് നടത്താനില്ലെന്ന് സ്വകാര്യ ബസുടമകളുടെ സംഘടന. സ്വകാര്യ ബസുടമകള്‍ യാഥാര്‍ഥ്യ ബോധത്തോടെ പ്രതികരിക്കണമെന്നും നിലപാട് തിരുത്തണമെന്നും ഗതാഗത മന്ത്രി ആവശ്യപ്പെട്ടു. പരിമിതമായ തോതില്‍ മാത്രം സര്‍വീസ് നടത്താനാണ് കെ.എസ്.ആര്‍.ടി.സിയുടെ തീരുമാനം.
പ്രഖ്യാപിച്ച നിരക്ക് വര്‍ധന മതിയായതല്ല. ഡീസലിന്‍റെ നികുതിയും ഒഴിവാക്കണം. അല്ലാത്ത പക്ഷം നഷ്ടം സഹിച്ച് സര്‍വീസ് നടത്താന്‍ കഴിയില്ലെന്നാണ് സ്വകാര്യ ബസുടമകളുടെ പക്ഷം. നാളെ സര്‍വീസ് നടത്തില്ല. ഡീസലിന് ടാക്സ് ഒഴിവാക്കി സബ്‍സിഡി നല്‍കുമെങ്കില്‍ മാത്രം സര്‍വീസ് നടത്തുമെന്നും ഓള്‍ കേരള ബസ് ഓപ്പറേറ്റേഴ്സ് ഓര്‍ഗനൈസേഴ്സ് ജനറല്‍ സെക്രട്ടറി ടി. ഗോപിനാഥ് മീഡിയവണിനോട് പറഞ്ഞു. 40 ശതമാനം ആളുകളുമായി സർവീസ് നടത്തുന്നത് ലാഭകരമാവില്ല. ഇരട്ടി ചാർജ് വർധന ആവശ്യപ്പെട്ടിട്ടും 50 ശതമാനം വർധന മാത്രമാണ് സർക്കാർ ഏർപ്പെടുത്തിയതെന്നും ബസുടമകൾ പറഞ്ഞു. വീഡിയോ കോൺഫറസ് വഴി സ്വകാര്യ ബസ് ഉടമകൾ ഇന്ന് യോഗം ചേരും. അതിനു ശേഷം ഇത് സംബന്ധിച്ച് സർക്കാരിനെ പ്രതിഷേധം അറിയിക്കുമെന്നും ബസുടമകൾ അറിയിച്ചു.
നഷ്ടം എല്ലാവര്‍ക്കുമുണ്ട്. വാഹനനികുതിയിളവുകൊണ്ട് മാത്രം സര്‍ക്കാരിന് 36 കോടി നഷ്ടമുണ്ടായി. നോട്ടീസ് നല്‍കിയുള്ള പണിമുടക്കല്ലാത്തതിനാല്‍ ചര്‍ച്ചയുടെ ആവശ്യമില്ലെന്നും സര്‍ക്കാര്‍ തീരുമാനത്തോട് സഹകരിക്കുകയാണ് വേണ്ടതെന്നുമാണ് ബസ് ഉടമകളോട് ഗതാഗതമന്ത്രി പറഞ്ഞത്.
കെഎസ്ആര്‍ടിസി തിരക്കുള്ള റൂട്ടുകളില്‍ മാത്രം സര്‍വീസ് നടത്തും. ഓഫീസ് സമയം കണക്കിലെടുത്ത് രാവിലെ ഏഴ് മുതല്‍ 11 വരെയും ഉച്ചക്ക് മൂന്ന് മുതല്‍ ഏഴ് വരെയും ബസുകള്‍ ഓടിക്കും. നഷ്ടം കുറയ്ക്കാനും ഇതര ജില്ലക്കാരായ ഡ്രൈവര്‍മാര്‍ മടങ്ങിയെത്താനുള്ള കാലതാമസവും പരിഗണിച്ചാണ് ഈ ക്രമീകരണം. ആദ്യദിവസങ്ങളിലെ പ്രതികരണം നോക്കിയ ശേഷം കൂടുതല്‍ സര്‍വീസുകള്‍ ഏര്‍പ്പെടുത്തുമെന്നും ഗതാഗതമന്ത്രി പറഞ്ഞു.
പ്രൈവറ്റ് ബസുകള്‍ ഓടാതിരുന്നത് എന്തെങ്കിലും തരത്തിലുള്ള ഡിമാന്‍റ് നോട്ടീസ് തന്ന് അതില്‍ തീരുമാനം ആകാതിരുന്നതുകൊണ്ടല്ല. അവര്‍ പണിമുടക്കോ, സമരമോ പ്രഖ്യാപിച്ചിട്ടില്ല. രാജ്യമെങ്ങും ലോക്ക്ഡൌണ്‍ ആയപ്പോള്‍ ആ തീരുമാനം പ്രകാരമാണ് ബസ്സുകളും ഓട്ടം നിര്‍ത്തിയത്. ഇപ്പോള്‍ ലോക്ക്ഡൌണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിക്കൊണ്ടിരിക്കുകയാണ്. ആ ഇളവിന്‍റെ ഭാഗമായാണ് ജനങ്ങള്‍ക്ക് അത്യാവശ്യ യാത്രകള്‍ക്ക് ആവശ്യമായ പരിമിതമായ സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്നത്. അതിന്‍റെ ഭാഗമാണ്, ജില്ലക്കകത്തുള്ള ഹ്രസ്വദൂര സര്‍വീസുകള്‍ ഓടിക്കാമെന്നത്. അതിലും രോഗവ്യാപനം തടയാനാവശ്യമായ മുന്‍കരുതലുകള്‍ എടുക്കേണ്ടതുണ്ട്. ആ ബുദ്ധിമുട്ടുകളില്‍ അവര്‍ക്ക് ആശ്വാസമാകാനാണ് കോവിഡ് കാലത്തേക്ക് മാത്രം ബസ് ചാര്‍ജ് വര്‍ധിപ്പിക്കാമെന്ന് തീരുമാനിച്ചത്. മാത്രമല്ല, മൂന്ന് മാസക്കാലത്തേക്ക് ടാക്സ് അടക്കേണ്ടതില്ല എന്നും പ്രഖ്യാപിച്ചിട്ടുണ്ട്. അതിന്‍റെ സാമ്പത്തിക പ്രയാസങ്ങള്‍ സര്‍ക്കാരിനും ഉണ്ട്. ചര്‍ച്ച നടത്തി പരിഹരിക്കാന്‍ അവരൊരു പണിമുടക്കോ സമരമോ പ്രഖ്യാപിച്ചതല്ലെന്നും ഗതാഗതമന്ത്രി പറഞ്ഞു. എല്ലാ ബസും ഓടിക്കാന്‍ അവരോട് പറഞ്ഞിട്ടില്ല. ജില്ലകകത്ത് ഹ്രസ്വദൂര സര്‍വീസ് നടത്താനാണ് ആവശ്യപ്പെട്ടത്. രണ്ടുമാസമായി എന്തായാലും അവര്‍ ബസ് ഓടിക്കുന്നില്ലല്ലോ, ഈ നിബന്ധനകള്‍ പാലിച്ച് ബസ് ഓടിക്കില്ലെന്നാണ് അവര്‍ പറയുന്നതെങ്കില്‍ ഓടിക്കണ്ട എന്നേ പറയാനുള്ളൂ എന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി മന്ത്രി പറഞ്ഞു.