ഇടുക്കി നെടുങ്കണ്ടത്ത് റിമാൻഡ് പ്രതി രാജ്‌കുമാറിന്റെ മരണത്തിൽ പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്തു വന്നതോടെ അന്വേഷണം ഊർജ്ജിതമാക്കി ക്രൈംബ്രാഞ്ച് സംഘം. പീരുമേട് സബ് ജയിലിൽ നിന്ന് സിസി ടിവി ദൃശ്യങ്ങൾ ഇന്ന് ശേഖരിക്കും.നെടുങ്കണ്ടം സ്റ്റേഷനിൽ നിന്ന് പിടിച്ചെടുത്ത ഹാർഡ് ഡിസ്ക്കിലെ 6 ദിവസത്തെ ദൃശ്യങ്ങളുടെ പരിശോധനയും ആരംഭിക്കും. കോടതിയുടെ അനുമതി ലഭിച്ചാൽ കേസിലെ രണ്ടും മൂന്നും പ്രതികളായ ശാലിനിയുടെയും മഞ്ജുവിന്റെയും മൊഴിയും രേഖപ്പെടുത്തും.
നെടുങ്കണ്ടത് ക്യാമ്പ് ചെയ്തുള്ള വിശദമായ അന്വേഷണമാണ് ക്രൈംബ്രാഞ്ച് സംഘം നടത്തുക. നെടുങ്കണ്ടം സ്റ്റേഷനിൽ നിന്ന് ശേഖരിച്ച സിസി ടിവി ദൃശ്യങ്ങളുടെ പരിശോധനയും ഇന്ന് ആരംഭിക്കും. ആറു ദിവസത്തെ ദൃശ്യങ്ങളാണ് പരിശോധിക്കുക . കഴിഞ്ഞ ദിവസം പിടിച്ചെടുത്ത ഹാർഡ് ഡിസ്ക് അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചിരുന്നു. പ്രാഥമിക അന്വേഷണം നടത്തിയ കട്ടപ്പന ഡി.വൈ.എസ്.പിയുടെ കൈവശമുള്ള ദൃശ്യങ്ങളാകും ക്രൈംബ്രാഞ്ച് സംഘം പരിശോധിക്കാൻ ആരംഭിക്കുക. പീരുമേട് സബ് ജയിലിൽ എത്തുന്ന സംഘം ജയിലിലെ സിസി ടിവി ദൃശ്യങ്ങൾ ഉൾപ്പെടെ മുഴുവൻ രേഖകളും പരിശോധിക്കും . ജയിൽ സൂപ്രണ്ടിന്റെ മൊഴിയും രേഖപ്പെടുത്തും. കോടതിയുടെ അനുമതി ലഭിച്ചാൽ സാമ്പത്തിക തട്ടിപ്പ് കേസിലെ മറ്റു രണ്ടു പ്രതികളായ ശാലിനി, മഞ്ജു എന്നിവരുടെ മൊഴിയും ക്രൈം ബ്രാഞ്ച് സംഘം രേഖപ്പെടുത്തും.
എസ്പിയുടെ നിർദേശ പ്രകാരമാണ് പ്രതിയെ അനധികൃത കസ്റ്റഡിയിൽ സൂക്ഷിച്ചതെന്ന അന്വേഷണ സംഘത്തിന്റെ നിഗമനം അടിസ്ഥാനപ്പെടുത്തി സസ്‌പെൻഷനിലുള്ള ഉദ്യോഗസ്ഥരെ നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി മൊഴിയെടുക്കാനും അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്. പ്രതിയെ ജൂൺ മാസം 12 നു കസ്റ്റഡിയിൽ എടുത്തുവെന്നും പിന്നീട് രാജ്‌കുമാർ അവശ ആയിരുന്നുവെന്നും ഉള്ള സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് ജില്ലാ പൊലീസ് മേധാവി അവഗണിച്ചു എന്ന ഗുരുതര വിഷയവും ക്രൈം ബ്രാഞ്ച് സംഘം അന്വേഷിച്ചേക്കും.