Kerala

കന്യാകുമാരിയിൽ നഴ്സിങ് വിദ്യാർത്ഥിയെ പീഡിപ്പിച്ച പള്ളി വികാരിയെ അറസ്റ്റു ചെയ്തു

തമിഴ്നാട് കന്യാകുമാരിയിൽ യുവതികളുമായി അടുത്ത ബന്ധം പുലർത്തുകയും പ്രാർത്ഥനയ്ക്കെത്തിയ നഴ്സിങ് വിദ്യാർത്ഥിയെ പീഡിപ്പിക്കുകയും ചെയ്ത കേസിൽ പള്ളി വികാരിയെ നാഗർകോവിൽ പൊലിസ് അറസ്റ്റു ചെയ്തു. കളയിക്കാവിളയ്ക്ക് സമീപത്തെ, ഫാത്തിമ നഗറിലുള്ള ബെനഡിക്ട് ആന്റോയെയാണ് പൊലിസ് അറസ്റ്റു ചെയ്തത്. ഇയാളെ നേരത്തെ, ഇവിടെ നിന്നും സ്ഥലം മാറ്റിയിരുന്നു. 

ബെനഡിക്ട് ആന്റോയും മറ്റൊരു യുവതിയുമായുള്ള ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇയാളെ സ്ഥലം മാറ്റിയത്. ദൃശ്യത്തിലുള്ള യുവതിയ്ക്ക് പക്ഷെ പരാതിയുണ്ടായിരുന്നില്ല. അതിനാൽ പൊലിസ് കേസെടുത്തുമില്ല. എന്നാൽ, കഴിഞ്ഞ ദിവസം ഇയാളുടെ വീട്ടിലെത്തിയ യുവാക്കളുടെ സംഘം ലാപ്ടോപ്പും മൊബൈൽ ഫോണും തട്ടിയെടുത്തിരുന്നു. ഈ പരാതിയിൽ പൊലിസ് നിയമവിദ്യാർഥിയായ ഓസ്റ്റിൻ ജിനോയെ അറസ്റ്റു ചെയ്തു. മകൻ നിരപരാധിയാണെന്ന് കാണിച്ച്, ജില്ലാ പൊലിസ് സൂപ്രണ്ടിനെ കാണാനെത്തിയ ഓസ്റ്റിൻ ജിനോയുടെ മാതാവാണ് വൈദികനെ കുറിച്ചുള്ള കാര്യങ്ങൾ തെളിവു സഹിതം പൊലിസിനു നൽകിയത്.

ഓസ്റ്റിനൊപ്പം പഠിയ്ക്കുന്ന യുവതിയ്ക്ക് ബെനഡിക്ട് ആന്റോ സ്ഥിരമായി മോശം സന്ദേശങ്ങൾ അയക്കാറുണ്ടായിരുന്നു. ഇത് ചോദ്യം ചെയ്യാനായാണ് ഓസ്റ്റിനും സുഹൃത്തുക്കളും ഇയാളുടെ വീട്ടിലെത്തിയത്. നിരവധി സ്ത്രീകളുമായി ഇയാൾക്ക് ബന്ധമുണ്ടെന്നും പലരെയും ദൃശ്യങ്ങൾ കാട്ടി ഭീഷണിപ്പെടുത്താറുണ്ടെന്നും മനസിലാക്കിയ ഓസ്റ്റിനും സംഘവും ലാപ്ടോപ്പും മൊബൈൽ ഫോണും കൊണ്ടുപോകുകയായിരുന്നു. ഇതിന് പിന്നാലെയാണ് നഴ്സിങ് വിദ്യാർത്ഥിനി, നാഗർകോവിൽ പൊലിസിൽ പരാതി നൽകിയത്. ചേച്ചിപ്പാറയിൽ വൈദിനായി എത്തിയപ്പോൾ ബെനഡിക്ട് ആന്റോ പീഡിപ്പിച്ചുവെന്നും സ്വകാര്യ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ചുവെന്നുമാണ് യുവതിയുടെ പരാതി. പരാതിയിൽ അന്വേഷണം ആരംഭിച്ച ഉടനെ ഒളിവിൽ പോയ ബെനഡിക്ടിനെ ഇന്നാണ് അറസ്റ്റ് ചെയ്തത്.